
കൊൽക്കത്ത: വംഗനാട്ടിൽ മമത ബാനർജി യുഗത്തിന് അന്ത്യം. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തരിപ്പണമാക്കി ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണൽ മന്ദഗതിയിലാണെങ്കിലും നിലവിലെ കണക്കുകളിൽ എക്സിറ്റ്പോളുകളെയും വെല്ലുന്ന പ്രകടനമാണ് ബിജെപി നടത്തിയത്. 200ലേറെ സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ തൃണമൂലിന്റെ സാന്നിധ്യം 85 സീറ്റിൽ ഒതുങ്ങി. മൂന്നു പതിറ്റാണ്ടോളം നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് വംഗനാടിന്റെ ദീദിയായി മാറിയ മമതയുടെ പടിയിറക്കത്തോടെ രാജ്യത്തെ പ്രതിപക്ഷ നിരയിലെ പ്രധാന മുഖം കൂടിയാണ് വീഴുന്നത്. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മുൻ തൃണമൂൽ നേതാവ് കൂടിയായ സുവേന്ദു അധികാരിയിൽ നിന്നും കനത്ത വെല്ലുവിളിയാണ് മമത നേരിട്ടുകൊണ്ടിരിക്കുന്നത്.
ബിജെപി ഏറെക്കാലമായി പയറ്റുന്ന ധ്രുവീകരണ രാഷ്ട്രീയം ഇക്കുറി മമതയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. ഒപ്പം മൂന്ന് തവണയായി ഭരിക്കുന്ന പാർട്ടിയെന്ന നിലയിലുള്ള സ്വാഭാവികമായ ഭരണ വിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും തൃണമൂലിന്റെ പതനത്തിന് ആക്കം കൂട്ടി. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് എസ്ഐആർ പ്രക്രിയയിലൂടെ പുറത്തായത് 90 ലക്ഷത്തോളം പേരാണ്. എസ്ഐആറിൽ അന്യായമായി തൃണമൂൽ വോട്ടുകൾ വെട്ടുന്നുവെന്ന് കാണിച്ച് സംസ്ഥാനത്തുടനീളം മമത ബാനർജി നേരിട്ട് പ്രചാരണന നയിച്ചിരുന്നു. സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്ന മമതയെയും രാജ്യം കണ്ടു. ബംഗാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. ഏപ്രിൽ 23-ലെ ആദ്യ ഘട്ടത്തിൽ 93.16% പോളിംഗ് രേഖപ്പെടുത്തി. ശരാശരി 92 ശതമാനത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ ആകെ വോട്ടിങ്.�
ബിജെപിയുടെയും സംഘ്പരിവാറിന്റെയും ദീർഘകാല ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ് ബംഗാൾ വിജയത്തോടെ സഫലമാകുന്നത്. ഹിന്ദി സംസാരിക്കുന്നവരുടെ പാർട്ടിയെന്ന പ്രതിച്ഛായ മാറ്റാൻ "സോനാർ ബംഗ്ല" (സുവർണ്ണ ബംഗാൾ) എന്ന മുദ്രാവാക്യത്തിലൂന്നിയായിരുനുന ബിജെപിയുടെ പ്രചാരണം.
നഗരമേഖലകളിലാണ് തൃണമൂലിന് കാര്യമായ പരിക്കേറ്റത് എന്ന് കണക്കുകൾ കാണിക്കുന്നു. തൃണമൂലിന്റെ ഏറ്റവും വലിയ ശക്തിയായ സ്ത്രീ വോട്ടർമാരിലും ഇക്കുറി കാര്യമായ ചുവട് മാറ്റുമുണ്ടായി. 2024ലെ ആർ.ജി കർ മെഡിക്കൽ കോളേജ് സംഭവവും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും കൃത്യമായി മുതലെടുക്കാൻ ബിജെപിക്കായി. തെരഞ്ഞെടുപ്പിന് മുമ്പായി യുവാക്കളെയും വനിതകളെയും ലക്ഷ്യമിട്ട് മമത നടപ്പാക്കിയ ക്ഷേമ പദ്ധതികളും വോട്ടായില്ല.
ബിർഭൂം, പൂർവ്വ വർധമാൻ, ഹൂഗ്ലി, കൂടാതെ ഗോത്രവർഗ്ഗ മേഖലയായ ജംഗിൾ മഹൽ എന്നിവിടങ്ങളിൽ ബിജെപി വൻ മുന്നേറ്റം നടത്തി. തൃണമൂൽ ആധിപത്യത്തിന്റെ തന്ത്ര പ്രധാന മേഖലകളായിരുന്ന ഈ ഗ്രാമീണ-സെമി അർബൻ മേഖലകളിലെല്ലാം ബിജെപി ഞെട്ടിക്കുന്ന കടന്നുകയറ്റമാണ് നടത്തിയത്. ഏകദേശം 70 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടുകളിൽ നല്ലൊരു പങ്കും തങ്ങൾക്കനുകൂലമായി തിരിക്കാൻ ബിജെപിക്കായി. ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ ജാതി സമവാക്യങ്ങളെ ഏതാണ്ട് അപ്രസക്തമാക്കാനും ബിജെപിക്ക് സാധിച്ചു.
സംസ്ഥാനത്ത് 27 ശതമാനത്തോളം വരുന്ന മുസ്‍ലിം വോട്ടുകളിൽ തൃണമൂൽ വലിയ രീതിയിൽ പ്രതീക്ഷ വെച്ചിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ സാന്നിധ്യം കാരണം മുസ്ലിം വോട്ടുകൾ ഇത്തവണ ഭിന്നിച്ചു പോയതായും ഇത് മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ തൃണമൂൽ സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയായതായും കരുതപ്പെടുന്നു.
34 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ മാത്രമാണ് വിജയിപ്പിക്കനായത്. ഡോംകലിന് മൊസ്തഫിജുർ റഹ്മാനാണ് ബംഗാളിൽ ചെങ്കൊടി പാറിപ്പിച്ചത്. കഴിഞ്ഞ തവണ സംപൂജ്യരായ കോൺഗ്രസ് രണ്ട് സീറ്റുകളിൽ മുന്നിലാണ്. ഈ പാർട്ടികളുടെ സാന്നിധ്യം തൃണമൂലിന് എത്രത്തോളം ദോഷം ചെയ്തുവെന്ന് അന്തിമഫലം വരുമ്പോൾ മാത്രമേ അറിയൂ.� �

