ലോകകപ്പ് ആകുമ്പോൾ മനസ്സിൽ എന്നും ആരവമുയർത്തുന്ന ആവേശത്തിമിർപ്പിൽ ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഒരു പ്രത്യേക ചേലാണ്. നാട്ടിൻപുറങ്ങളിൽ മൈതാനങ്ങൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങൾ, കൊയ്ത്ത് നിന്നുപോയ കണ്ടങ്ങൾ ഫുട്ബാൾ മൈതാനിയായി മാറ്റപ്പെട്ട കാഴ്ച ഇന്ന് വിരളമാണ്. പുൽ മെത്ത വിരിച്ച പാടങ്ങൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന അതിവേഗ നീക്കങ്ങൾക്ക് കരുത്ത് പകർന്നിട്ടുണ്ട്. ബൂട്ട് ഇല്ലാത്ത കാലുകൾക്ക് സുരക്ഷിത കവചമായി മണ്ണിൽ പുതയാത്ത കണ്ടങ്ങൾ അന്നത്തെ ഫുട്ബാൾ കളിക്കുന്നവർക്ക് ഓർക്കുമ്പോൾ ഇന്നും ആവേശത്തിന് ഒരു കുറവുമില്ല. മൈതാനങ്ങളുടെ അഭാവം ഒരു പരിധിവരെ പരിഹരിക്കുന്നതിൽ നികത്താത്ത കൊയ്ത്തു കഴിഞ്ഞ കരയായി മാറ്റാത്ത നെൽപ്പാടങ്ങൾ വലിയ പങ്കുവഹിച്ചിരുന്നു എന്നുള്ളത് ഓർക്കുമ്പോൾ ഫുട്ബാൾ അതിൻറെ പ്രസക്തി നിലനിർത്തുന്നത് ഇന്നും ഗ്രാമീണ മേഖലയിൽ ശ്രദ്ധേയമായ കാഴ്ചയാണ്. വൈകുന്നേരം ഒത്തുചേരുക എന്നുള്ളതിന് അന്യം നിന്നു പോകുന്ന രീതിയിൽ ഇന്ന് വ്യാപകമാകുന്ന രാസ ലഹരിക്ക് ഒക്കെ ഒരു മറുമരുന്നാണ് ഗ്രാമീണ ഫുട്ബാൾ മത്സരങ്ങൾ സമ്മാനിക്കുന്ന കളിക്കളത്തിലെ അക്കാലത്തെ കൂടിച്ചേരലുകൾ. ഫുട്ബാൾ തട്ടി കളിക്കാൻ തുടങ്ങിയ കാലം മുതൽ ഞങ്ങളുടെ തട്ടകം കീക്കൊഴൂർ എൻ.എം.യു.പി സ്കൂൾ ഗ്രൗണ്ടായിരുന്നു. അതു പകർന്നു നൽകിയ സൗഹൃദ കൂട്ടായ്മയാണ് പ്രായഭേദമെന്യേ ഫുട്ബാൾ ലഹരിയിൽ ചേർത്തുനിർത്തിയതെന്ന് അഭിമാനപൂർവ്വം പൂർവ്വ കാലം എന്നും ഓർമ്മിക്കപ്പെടും. ഇന്നോർക്കുമ്പോൾ യുവതലമുറയെ ലഹരിയുടെ വിവിധ തലങ്ങൾ പിടിമുറുക്കുന്ന അവസ്ഥാവിശേഷത്തിന് കടിഞ്ഞാൺ ഇടാൻ പരിമിതമായ കളിക്കള ഇടങ്ങൾ നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് നാട്ടിൻപുറങ്ങളിൽ ഈ ഫുട്ബാൾ ലോകകപ്പ് ഉയർത്തുന്നത്. ഇത്തവണ അർജൻറീന കപ്പ് ഉയർത്തും എന്ന പ്രതീക്ഷയിൽ ആരാധക വൃന്ദത്തോടൊപ്പം ചേരാനാണ് എനിക്ക് ഇഷ്ടം. ഒപ്പം കായിക രംഗത്ത് പ്രത്യേകിച്ച് ഫുട്ബാൾ കളിക്കളത്തിൽ കേരളം ഉൾപ്പെടെ ഇന്ത്യ ഒന്നായി ഉയർന്നുവരുന്ന സാധ്യതയും സൗകര്യങ്ങളും അനധി വിദൂര ഭാവിയിൽ തന്നെ പൂവണിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസലോകത്ത് ലോക ഫുട്ബാൾ മാമാങ്കത്തിന് ബഹ്റൈനിലും ആവേശപൂർണമായ നാളുകൾ സമ്മാനിക്കുന്നത് സമ്മിശ്രമായി അനുഭവിക്കാൻ സാധിക്കുന്നു എന്നുള്ളതിൽ സന്തോഷം.
