ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാനെയോ മറ്റേതെങ്കിലും രാജ്യത്തെയോ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല അബ്ദുൽ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി.ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പാകിസ്താൻ, ഖത്തർ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾ സമാധാന ശ്രമങ്ങൾക്കായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇറാൻ ആരെയും മധ്യസ്ഥരായി നിയമിച്ചിട്ടില്ല. സന്ദേശങ്ങൾ കൈമാറുന്ന ഒരു ജോലി മാത്രമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ യുദ്ധം ഇറാനും അമേരിക്കയും തമ്മിലുള്ളതല്ല, മറിച്ച് രണ്ട് വ്യക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഈ യുദ്ധം ഉപയോഗിക്കുന്നത്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും യുദ്ധം ഒഴിവാക്കാൻ ഒമാനിലും ജനീവയിലും ചർച്ചകൾ നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതിളെക്കുറിച്ചുള്ള പാശ്ചാത്യ ആരോപണങ്ങളെ അദ്ദേഹം തള്ളി. ആണവായുധങ്ങൾ കൈവശം വെക്കുന്നത് ഇസ്‍ലാം വിരുദ്ധമാണെന്ന് പരമോന്നത നേതാവ് ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ആണവായുധങ്ങൾ നിർമിക്കാനുള്ള അറിവ് ഇറാന്റെ പക്കലുണ്ടെങ്കിലും അത് നിർമിക്കാൻ താൽപര്യമില്ല. സമാധാനത്തിനാണ് മുൻഗണനയെങ്കിലും നിരുപാധികമായി കീഴടങ്ങാൻ ഇറാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തിന് 5000 വർഷത്തെ പഴക്കമുണ്ടെന്നും നിലവിലെ സാഹചര്യത്തിലും ആ ബന്ധം ശക്തമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്റും തമ്മിലും വിദേശകാര്യ മന്ത്രിമാർ തമ്മിലും നടന്ന ചർച്ചകൾ വളരെ വിജയകരമായിരുന്നു. ഇന്ത്യയുടെ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ പ്രത്യേക അനുമതി നൽകിയത് ഈ ഊഷ്മള ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
