മൂവാറ്റുപുഴ : മികച്ച വിദ്യാഭ്യാസവും ഉയർന്ന ജോലിയും സ്വപ്‌നം കാണുന്ന യുവ തലമുറയ്ക്ക് വഴികാട്ടിയായി മാതൃഭൂമി - ഇലാഹിയ ആദരം. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് മൂവാറ്റുപുഴ ഇലാഹിയ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (ഐ.ജി.ഇ.ഐ.എൻ.) സഹകരണത്തോടെ മാതൃഭൂമി ആദരവേകിയത്. ഇലാഹിയ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങ് റൂറൽ പോലീസ് ചീഫ് കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. To advertise here, സ്വയം വളരാനും തന്നേക്കാൾ ദുർബലരായവരെ തനിക്കും മുകളിലേക്ക് വളരാനുള്ള ശേഷി പകരാനും കഴിയുമ്പോഴാണ് ജേതാവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപ്പെടുമ്പോഴാണ് ഉള്ളതിന്റെ വില അറിയുന്നത്. വേണ്ടപ്പെട്ടതൊന്നും നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക കരുതൽ വേണം. അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം ചുറ്റുവട്ടത്തെക്കുറിച്ചുള്ള അറിവും വലിയ പാഠമാണെന്നും കെ.എസ്. സുദർശൻ പറഞ്ഞു. പഠിച്ചിറങ്ങുന്ന എല്ലാവർക്കും ജോലി എന്നതാണ് ഇലാഹിയ ട്രസ്റ്റിന്റെ ലക്ഷ്യമെന്നും മികച്ച വിദ്യാർഥികളെ സർക്കാർ ഫീസിൽ പഠിപ്പിക്കാനും വ്യാവസായിക സ്ഥാപനങ്ങളുമായി ദീർഘകാല കരാറുകളുണ്ടാക്കി പ്രവർത്തിക്കാനും ഇലാഹിയക്ക് കഴിയുന്നുണ്ടെന്നും അധ്യക്ഷത വഹിച്ച ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത് പറഞ്ഞു. വിശാലമായ ലോകവും അതിന്റെ സാധ്യതകളും തേടിപ്പോകുമ്പോൾ അവനവനോട് നീതി പുലർത്താനും സ്വയം വഞ്ചിക്കാതിരിക്കാനും കഴിയണമെന്ന് മുഖ്യാതിഥിയായിരുന്ന കോതമംഗലം ഡി.എഫ്.ഒ. കെ.ആർ. സൂരജ് ബെൻ പറഞ്ഞു. നിരന്തരമായി പരിശ്രമിക്കുമ്പോൾ വിജയം താനെ വന്നുകൊള്ളുമെന്ന് മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ടോം ജോസഫ് പറഞ്ഞു. സ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിടപ്പെടുന്ന കുട്ടികൾ അതിർവരമ്പുകൾകൂടി അറിഞ്ഞിരിക്കണമെന്ന് ഇലാഹിയ ട്രസ്റ്റ് വൈസ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ് പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടിരിക്കുന്ന അടുത്തുള്ള മികച്ച വിദ്യാലയങ്ങളിലെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കുട്ടികൾ ശ്രദ്ധിക്കണമെന്ന് ഇലാഹിയ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. നവാസ് പറഞ്ഞു. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, ഡോ. കെ.എം. സഫിയ എന്നിവർ സംസാരിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജർ ഐശ്വര്യ ദാസ്, ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ, എൻജിനിയറിങ് കോളേജ് ചെയർമാൻ പി.എച്ച്. മുനീർ, മാനേജർ വി.യു. സിദ്ദീഖ്, ലോ കോളേജ് ചെയർമാൻ കെ.വൈ. സാദിഖ് മുഹമ്മദ്, ആർട്‌സ് കോളേജ് മാനേജർ സി.പി. മുഹമ്മദ്, ഇലാഹിയ പബ്ലിക് സ്കൂൾ മാനേജർ വി.കെ. അബ്ദുൾ സലാം, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ ആദരിച്ചു. ഇലാഹിയ ട്രസ്റ്റിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും വഴികാട്ടിയുമായിരുന്ന പി.എം. അസീസിനെ യോഗം അനുസ്മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മാതൃഭൂമി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം അവതാരകനായി. സൈക്കോളജിസ്റ്റ് ഫാത്തിമ അൻസാരി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. മാതൃഭൂമിയും ഇലാഹിയ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസുംചേർന്ന് കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും സ്കൂളുകളെയും അനുമോദിക്കാനായി ഇലാഹിയ കോളേജിൽ സംഘടിപ്പിച്ച 'ആദരം 2026' ചടങ്ങ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്യുന്നു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ആർ. സൂരജ് ബെൻ, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്, ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത്, ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ തുടങ്ങിയവർ സമീപം മാതൃഭൂമിയും ഇലാഹിയ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസുംചേർന്ന് കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും സ്കൂളുകളെയും അനുമോദിക്കാനായി ഇലാഹിയ കോളേജിൽ സംഘടിപ്പിച്ച 'ആദരം 2026' ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ആദരം ഇന്ന് മൂവാറ്റുപുഴ : മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ബുധനാഴ്ച ആദരിക്കും. രാവിലെ 9-ന് ഇലാഹിയ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ പരിപാടികൾ തുടങ്ങും. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി ഉദ്ഘാടനം ചെയ്യും. എറണാകുളം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹാർദിക് മീണ മുഖ്യാതിഥിയായിരിക്കും. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത് അധ്യക്ഷനാവും. ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ, ട്രസ്റ്റ് ഭാരവാഹികൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുമുണ്ടാകും.
