ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നോർവേയുടെ എർലിങ് ഹാളണ്ട്. 25 വയസ്സിനുള്ളിൽത്തന്നെ നോർവേക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമായ ഹാളണ്ട് ക്ലബ് ഫുട്ബോളിൽ മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയങ്ങളിലും നിർണായക പങ്കുവഹിച്ചു. To advertise here, ആദ്യ ലോകകപ്പിന് ഏതാനും ദിവസങ്ങൾമാത്രം ബാക്കി. ഏത്രമാത്രം ആവേശഭരിതനാണ് താങ്കളിപ്പോൾ? ആവേശം എനിക്ക് വിവരിക്കാനാവില്ല. വലിയൊരു കാര്യമാണ് മുന്നിൽ. നോർവേ അവസാനമായി ലോകകപ്പ് (1998) കളിക്കുമ്പോൾ ഞാൻ ജനിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് നാട്ടുകാർക്കൊപ്പം ആദ്യമായി ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. പ്രൊഫഷണൽ ഫുട്ബോളിൽ കാലെടുത്തുവെച്ചതുമുതലുള്ള ആഗ്രഹമാണ് നോർവേക്കായി ലോകകപ്പിൽ കളിക്കുകയെന്നത്. ആ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. രാജ്യത്തിനായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ (16) നേടിയതും താങ്കളായിരുന്നു ടീമിന്റെ ഒത്തൊരുമിച്ചുള്ള ശ്രമമാണ് വിജയത്തിന് പിന്നിൽ. ടീം അംഗങ്ങളാണ് ഗോൾ നേടുന്നതിൽ എന്നെ സഹായിച്ചത്. ഈ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. അമേരിക്കയിലെ 1994 ലോകകപ്പിൽ കളിച്ച പിതാവ് അൽഫി ഹാളണ്ടിന്റെ പാത പിന്തുടരുകയാണ് താങ്കൾ. ഇത് വ്യക്തിപരമായി സന്തോഷം ഇരട്ടിപ്പിക്കുന്നില്ലേ? തീർച്ചയായും. എന്നാൽ, അത് സംതൃപ്തി നൽകുന്നതോടൊപ്പം വെല്ലുവിളിയുമാണ്. ലോകകപ്പ് ഓർമ്മകൾ പിതാവ് എപ്പോഴും ഞങ്ങളുമായി പങ്കുവെക്കാറുണ്ടായിരുന്നു. രാജ്യത്തിനും അദ്ദേഹത്തിനും ലോകകപ്പ് എത്രമാത്രം വിലപ്പെട്ടതായിരുന്നെന്ന് ഓർമ്മിപ്പിക്കും. ഇത്തവണ എന്റെ ലോകകപ്പ് സ്മരണകൾ അതേ ആവേശത്തിൽ ഞാൻ അദ്ദേഹവുമായി പങ്കുവെക്കും. രണ്ടു ലോകകപ്പുകൾ തമ്മിൽ എന്തെങ്കിലും താരതമ്യം ഒരുതരത്തിലുമില്ല, ഞങ്ങൾ നീണ്ട 28 വർഷത്തിനുശേഷമാണ് ലോകകപ്പിൽ കളിക്കുന്നത്. രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ വലിയൊരേടാണിത്. നോർവേയിലെ കുട്ടികൾക്ക് ഭാവിയിൽ കളിയോർമ്മകൾ പങ്കുവെക്കാൻ കഴിയും. എനിക്ക് ലഭിക്കാതെപോയ അവസരമാണിത്. നോർവേ കടുത്ത ഗ്രൂപ്പിലാണ് (ഐ) മത്സരിക്കുന്നത്. ഫ്രാൻസ്, സെനഗൽ, ഇറാഖ് ടീമുകളാണ് എതിരാളികൾ. ഗ്രൂപ്പിൽനിന്ന് മുന്നേറാനാവുമെന്ന തികഞ്ഞ പ്രതീക്ഷിയിലാണോ? ലോകകപ്പിൽ പ്രവചനങ്ങൾ അസാധ്യമാണ്. മൂന്നു കരുത്തരായ രാജ്യങ്ങളാണ് എതിരാളികൾ. എല്ലാ മത്സരങ്ങളും കടുത്തതായിരിക്കും. ശാരീരികമായും മാനസികമായും തന്ത്രപരമായും ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ് പ്രധാനം. ഗ്രൂപ്പിൽ ഫ്രാൻസുമായുള്ള അവസാന മത്സരം എർലിങ് ഹാളണ്ടും കിലിയൻ എംബാപ്പെയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എങ്ങനെ കാണുന്നു? ഫുട്ബോൾ 11 പേർ 11 പേർക്കെതിരേ കളിക്കുന്നതാണ്. വ്യക്തിപരമായ പോരാട്ടമല്ല, ടീം ഗെയ്മാണത്. നോർവേ ഫ്രാൻസിനെതിരേയാണ് കളിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ സുവർണകാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. അവർ 2018-ൽ ചാമ്പ്യന്മാരായി. 2022-ൽ കിരീടത്തിന് അരികിലെത്തി. എല്ലാവർക്കും അറിയുന്നതുപോലെ കിലിയൻ സൂപ്പർ ഫുട്ബോളറാണ്. എന്നാൽ, അദ്ദേഹത്തിന് മികവുകാട്ടാൻ ടീം അംഗങ്ങളുടെ പിന്തുണവേണം. ഒരു ആരാധകനെന്നനിലയിൽ ഫ്രാൻസുമായുള്ള മത്സരം എന്നെ ആവേശഭരിതനാക്കുന്നു. എന്നാൽ, ഫുട്ബോളർ എന്നനിലയിൽ ടീമിനെ സഹായിക്കുകയാണ് എന്റെ കടമ. ഇത്തവണ നോക്കൗട്ടിൽ 32 ടീമുകളുണ്ടാവും. ഗ്രൂപ്പ് ഘട്ടത്തിൽ 16 ടീമുകൾ മാത്രമാണ് പുറത്താവുക. നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നത് എളുപ്പമാവില്ലേ? ഒരുതരത്തിൽ നോക്കിയിൽ ശരിയാണ്. എന്നാൽ, ഏറ്റവും മികച്ച കളി പുറത്തെടുക്കുകയാണ് പ്രധാനം. 48 മികച്ച ടീമുകളാണ് മത്സരിക്കുന്നത്. എന്തും സംഭവിക്കാം. മൂന്നു കളിയിലും ഞങ്ങൾ ഏറ്റവും മികവിലേക്കുയരുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. ഇത്തവണ മുന്നേറാൻ സാധ്യത കൂടുതലുള്ള ടീമുകൾ? സാധ്യതയുള്ള ഒട്ടേറെ ടീമുകളുണ്ട്. യൂറോപ്യൻ, ലാറ്റിനമേരിക്കൻ ടീമുകളായിരിക്കും മുൻപന്തിയിൽ. എന്നാൽ, ആഫ്രിക്കൻ, ഏഷ്യൻ ടീമുകളും വലിയ പുരോഗതി നേടിയിട്ടുണ്ട്. കളിക്കളത്തിൽ ഏറ്റവുംകുറവ് പിഴവുകൾ വരുത്തുന്നവരാവും വിജയികളാവുക. Content Highlights: Haaland expresses pride in leading Norway to their first World Cup since 1998., Emphasizes that football is a team sport, dismissing individual rivalry narratives with Kylian Mbappe., Acknowledges the challenge of a tough group featuring France, Senegal, and Iraq., Focuses on team preparation and minimizing errors to navigate the expanded 48-team tournament format. Published: 06 Jun 2026, 10:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
