കുരുക്ക് ഒരു മണിക്കൂർ നീണ്ടു To advertise here, പാലയ്ക്കൽ : റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി പാലയ്ക്കൽ മാർക്കറ്റ് ജങ്ഷനിൽനിന്ന് റോഡ് പൊളിച്ചുതുടങ്ങി. ഗതാഗതനിയന്ത്രണം ഇല്ലാത്തതിനാൽ രാവിലെ മുതൽ രാത്രി വരെ യാത്രക്കാർ ഒരു മണിക്കൂറിലധികം കുടുങ്ങി. കൂട്ടം തെറ്റിയ ഉറുമ്പുകളെപ്പോലെ വാഹനങ്ങൾ പല വഴികളിൽ കയറി. ഇതുമൂലം ചില കൈവഴികളിലും വാഹനങ്ങൾ കുടുങ്ങി. കുരുക്കു പരിഹരിക്കാൻ വേണ്ട മുന്നൊരുക്കം നടത്താത്തതിനാൽ സ്ഥലത്തുണ്ടായ പോലീസിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ പെരുമ്പിള്ളിശ്ശേരി മുതൽ കണിമംഗലം വരെയുള്ള ഗതാഗതം താറുമാറായി. പാലയ്ക്കൽ മുതൽ കണിമംഗലം പാലം വരെ റോഡിന്റെ ഒരു ഭാഗമാണ് പൊളിക്കുന്നത്. മറുഭാഗത്തുകൂടിയാണ് ബസ് ഉൾപ്പെടെ വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും കടത്തിവിടുന്നത്. ഒരു ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കടന്നുപോയശേഷം എതിർഭാഗത്തുനിന്നുള്ള വാഹനങ്ങൾ കടത്തിവിടാനായിരുന്നു തീരുമാനം. റോഡ് പൊളിക്കുംമുൻപേ കുരുക്ക് രൂക്ഷമായിരുന്ന പാലയ്ക്കൽ സെന്റർ മുതൽ കണിമംഗലം പാലം വരെയുള്ള ഭാഗത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ പലപ്പോഴും ഒരു മണിക്കൂർ വരെ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. റോഡുപണിക്ക് മുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കർശനനിർദേശമുണ്ടായിട്ടും പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ആറുമണിക്കൂറിൽ പൊളിച്ചത് വെറും 150 മീറ്റർ മാത്രമാണ്. തിങ്കളാഴ്ച രാവിലെ 10-ന് കമ്പനി തൊഴിലാളികൾ എത്തിയെങ്കിലും ഉച്ചയോടെയാണ് പൊളിക്കാൻ തുടങ്ങിയത്. ബാരിക്കേഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾതൊഴിലാളികൾ വളരെ സാവധാനമാണ് ചെയ്തത്. ഇക്കണക്കിനാണെങ്കിൽ റോഡുപണി നിശ്ചയിച്ച സമയത്ത് തീരാൻ സാധ്യതയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴ ശക്തമായാൽ യാത്ര കൂടുതൽ ദുസ്സഹമാകുമെന്നും അവർ പറഞ്ഞു. വലിയ വാഹനങ്ങൾ പനമുക്ക് - നെടുപുഴ - കോടന്നൂർ വഴി വിടണം തൃശ്ശൂരിൽനിന്നു വരുന്ന വലിയ വാഹനങ്ങൾ കണിമംഗലം മേൽപ്പാലം കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് പനമുക്ക് - നെടുപുഴ - കോടന്നൂർ വഴി തിരിച്ചുവിട്ടാൽ കുരുക്കിനു പരിഹാരമാകും. കോടന്നൂരിൽനിന്ന് വെങ്ങിണിശ്ശേരി വഴി പാലയ്ക്കൽ ഭാഗത്തേക്കെത്താം. ഏഴു കിലോമീറ്റർ കൂടുതൽ യാത്ര ചെയ്യണമെന്നുമാത്രം. ഒരു മണിക്കൂർ വഴിയിൽ കുടുങ്ങി കിടക്കുന്നതിനേക്കാൾ ഭേദം ഇതാണ്. കെ.എ. നസീർ, ശില്പി ബസ്സുടമ
