തെറെസോപോളിസ്: വരാനിരിക്കുന്ന ലോകകപ്പിൽ ബ്രസീൽ ടീമിന്റെ കുന്തമുനയായി സൂപ്പർ താരം നെയ്മർ ജൂനിയർ തന്നെ ഉണ്ടാകുമെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. കാലിലെ പരിക്കിനെത്തുടർന്ന് നെയ്മർ ലോകകപ്പ് ടീമിൽ നിന്നു പുറത്താകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉറച്ച നിലപാടുമായി പരിശീലകൻ രംഗത്തെത്തിയത്. ബ്രസീലിയൻ ക്യാംപിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ നെയ്മർക്ക് വലതുകാലിൽ രണ്ടാം ഗ്രേഡ് മസിൽ പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. എങ്കിലും, 34-കാരനായ താരത്തെ 26 അംഗ ടീമിൽ നിന്ന് ഒഴിവാക്കില്ലെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി. "നെയ്മർ ഞങ്ങളോടൊപ്പം തന്നെ ഉണ്ടാകും. ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു. സാധിച്ചില്ലെങ്കിൽ രണ്ടാം മത്സരത്തിലെങ്കിലും അദ്ദേഹം കളിക്കും," പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ആഞ്ചലോട്ടി മാധ്യമങ്ങളോട് പറഞ്ഞു. താൻ പ്രഖ്യാപിച്ച 26 അംഗ ടീം തന്നെ ലോകകപ്പിൽ കളിക്കുമെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സാന്റോസ് ക്ലബ് അധികൃതർ പരിക്കിനെ നിസ്സാരമായാണ് കണ്ടതെങ്കിലും, ദേശീയ ടീം മെഡിക്കൽ സംഘം നടത്തിയ പരിശോധനയിലാണ് പരുക്ക് ഗുരുതരമാണെന്ന് വ്യക്തമായത്. ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനൊപ്പം, ലോകകപ്പിൽ താരം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് നെയ്മറുമായി താൻ നേരിട്ട് സംസാരിച്ചെന്നും ആഞ്ചലോട്ടി പറഞ്ഞു. "ലോകകപ്പിൽ തനിക്ക് നിർവഹിക്കാനുള്ള പങ്ക് നെയ്മർക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. പരിശീലനത്തിൽ മികച്ച പുരോഗതിയാണ് അദ്ദേഹം കാണിക്കുന്നത്. മാനസികമായി അദ്ദേഹം പൂർണ്ണസജ്ജനാണ്," ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.
