തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കവെ പദ്ധതി നടപ്പാക്കുന്നത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് എഐസിസി വിഭാവനം ചെയ്ത ഈ ചരിത്രപരമായ തീരുമാനം രാഹുൽ ഗാന്ധിയാണ് പുതുയുഗ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചതെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത് സാമ്പത്തികമായ ഒരു പ്രശ്‌നമല്ല. എത്ര ധനാഢ്യയായ സ്ത്രീയാണെങ്കിലും ആ ക്ലാസിൽ പെട്ട പുരുഷന്റെ പിറകിലായാണ് സമൂഹത്തിൽ സ്ഥാനം. കുടുംബങ്ങളിലും അങ്ങനെയാണ്. വലിയ ബുദ്ധിജീവികൾ പറയുന്നതുപോലെയാണെങ്കിൽ 'കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിംഗ് ക്ലാസ് സ്ത്രീയുമാണ്. ഗോവിന്ദൻ മാഷിനൊക്കെ ഈ പ്രയോഗം ഇഷ്ടപ്പെടുമായിരിക്കും- മന്ത്രി തമാശയായി പറഞ്ഞു. ഏത് വിഭാഗത്തിലെ സ്ത്രീയായാലും പുരുഷന്റെ പുറകിലാണെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സ്ത്രീശാക്തീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. To advertise here, വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ കെഎസ്ആർടിസി അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ, പഴയ സമരമുറകളെക്കുറിച്ചും മന്ത്രി വെളിപ്പെടുത്തി. സമരകാലങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് താൻ ഒഴിഞ്ഞുമാറുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ടയറുകളിൽ അള്ള് വെച്ച് കാറ്റ് കളയുന്നതും ബസുകൾ തകർക്കുന്നതും അന്നത്തെ സമരരീതിയായിരുന്നുവെന്നും 'അർബൻ ഗറില്ല' മോഡലിൽ കേരളത്തിലുടനീളം അന്ന് പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിച്ചു. പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ അത് ശരിയായിരുന്നോ എന്ന് ചിന്തിക്കാൻ മാത്രമേ സാധിക്കു. കെഎസ്ആർടിസിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കവേ, നെടുങ്കണ്ടത്തേക്ക് നടത്തിയ 12 മണിക്കൂർ നീണ്ട ഫാസ്റ്റ് പാസഞ്ചർ യാത്രകളെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. അത്രയും സമയം യാത്രചെയ്ത് എത്തിയപ്പോൾ ഉദ്ദേശിച്ച പരിപാടി അന്നുണ്ടായിരുന്നില്ലെന്നും പിന്നീട് തിരികെ പോന്നെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത് പുലർച്ചെയുള്ള ബസ് കാത്ത് എറണാകുളം ബസ് സ്റ്റാൻഡിൽ പേപ്പർ വിരിച്ചു കിടന്നുറങ്ങിയ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനോട് മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു. എല്ലാ എംഎൽഎമാരെയും നേരിട്ട് കണ്ട് ക്ഷണിച്ചിട്ടും അവർ സഹകരിക്കാത്തത് ഖേദകരമാണെന്നും, അവസാന നിമിഷമെങ്കിലും അവർ തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. Published: 15 Jun 2026, 08:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
