
ജയ്പുർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിന് പിങ്ക് സിറ്റി വേദിയാകുന്നു. പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിക്കാൻ ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുമ്പോൾ, കൈവശമുള്ള നാലാം സ്ഥാനം ഭദ്രമാക്കുകയാണ് റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യം. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-നാണ് മത്സരം.
സീസണിന്റെ തുടക്കത്തിൽ മിന്നും ഫോമിലായിരുന്ന രാജസ്ഥാന് പിന്നീട് ആ താളം നിലനിർത്താനായില്ല. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്നിലും അവർ പരാജയപ്പെട്ടു. ഡൽഹി ക്യാപ്പിറ്റൽസിനോട് ഏറ്റുവാങ്ങിയ ഏഴ് വിക്കറ്റ് തോൽവിയുടെ ആഘാതത്തിലാണ് റോയൽസ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.
മറുഭാഗത്ത്, തുടക്കം പാളിയെങ്കിലും തകർപ്പൻ തിരിച്ചുവരവ് നടത്തിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ്. അവസാന മൂന്ന് മത്സരങ്ങളും തുടർച്ചയായി വിജയിച്ച അവർ ഹാട്രിക് തിളക്കത്തിലാണ്. ജയപരമ്പര നാലിലേക്ക് നീട്ടാനാണ് ഗില്ലും സംഘവും ലക്ഷ്യമിടുന്നത്. നേർക്കുനേർ കണക്കുകളിൽ 6–3 ന് ഗുജറാത്തിനാണ് മുൻതൂക്കമെങ്കിലും ഏപ്രിൽ 4-ന് നടന്ന അവസാന പോരാട്ടത്തിൽ ടൈറ്റൻസിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം രാജസ്ഥാനുണ്ട്.
ഈ സീസണിൽ ഇതുവരെ 378 റൺസ് അടിച്ചുകൂട്ടിയ ഗിൽ മികച്ച ഫോമിലാണ്. വലിയ സ്കോറുകൾ കണ്ടെത്താനുള്ള ഗില്ലിന്റെ മികവ് ഗുജറാത്തിന് കരുത്താകും. റണ്ണൊഴുകുന്ന പിച്ചിലും 15 വിക്കറ്റുകളുമായി രാജസ്ഥാന്റെ കുന്തമുനയാണ് ആർച്ചർ. ആർച്ചറുടെ വേഗവും ആക്രമണവുമാണ് റോയൽസിന്റെ പ്രധാന പ്രതീക്ഷ. രാജസ്ഥാൻ നിരയിൽ പരിക്കേറ്റ സന്ദീപ് ശർമ തിരിച്ചെത്തുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. സന്ദീപ് വന്നാൽ നന്ദ്രെ ബർഗർക്ക് പകരം ഇടംപിടിച്ചേക്കും. ഗുജറാത്ത് നിരയിൽ മനവ് സുതാറിന് പകരം പ്രസിദ്ധ് കൃഷ്ണയെ പരീക്ഷിക്കാൻ സാധ്യതയുണ്ട്.
ബാറ്റർമാരുടെ സ്വർഗമായ ജയ്പുരിലെ പിച്ചിൽ ഇത്തവണയും റണ്ണൊഴുകാനാണ് സാധ്യത. 220-ന് മുകളിലുള്ള സ്കോറുകൾ പോലും ഇവിടെ അനായാസം പിന്തുടർന്ന് ജയിച്ചിട്ടുണ്ട്. അതിനാൽ ടോസ് നേടുന്നവർ രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തുന്ന റെക്കോർഡുമായാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. ഇരുടീമുകളും ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോൾ ആറിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു.
മൂന്ന് തവണ മാത്രമാണ് രാജസ്ഥാന് വിജയിക്കാനായത്. 2022-ലെ ഐപിഎൽ ഫൈനലിൽ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് കിരീടം നേടിയതുൾപ്പെടെയുള്ള പോരാട്ടങ്ങളിൽ ഗുജറാത്ത് മേധാവിത്വം കാട്ടിയിരുന്നു. 2022 ഏപ്രിൽ 14-ന് നടന്ന ആദ്യ പോരാട്ടത്തിൽ 37 റൺസിന് വിജയിച്ച ഗുജറാത്ത് പിന്നീട് തങ്ങളുടെ മുൻതൂക്കം നിലനിർത്തുകയായിരുന്നു. രാജസ്ഥാൻ 2025-ൽ കുറിച്ച 212 റൺസാണ് അവർക്കെതിരെയുള്ള ഉയർന്ന സ്കോറെങ്കിൽ, ഗുജറാത്ത് 217 റൺസ് വരെ നേടിയിട്ടുണ്ട്.
സാധ്യതാ ടീം:
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ശുഭം ദുബെ, ഡോണാവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, രവി ബിഷ്ണോയ്, ബ്രിജേഷ് ശർമ, നന്ദ്രെ ബർഗർ.
ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ലർ, നിശാന്ത് സിന്ധു, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാതിയ, ജേസൺ ഹോൾഡർ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, കഗിസോ റബാദ, മനവ് സുതാർ.
