
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 102 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉജ്വല വിജയം നേടിയ യു ഡി എഫ് സര്‍ക്കാരിനെ മുന്നില്‍ നിന്ന് നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെഅഭിവാദ്യങ്ങളും ആശംസകളും നേര്‍ന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരളം ഭരിച്ച മുന്‍സര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
യു ഡി എഫ് ജനങ്ങള്‍ക്ക് നല്‍കിയ ധാരാളം ഉറപ്പുകളും വാഗ്ദാനങ്ങളുമുണ്ട്. ഒരു പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ വെച്ച് പുലര്‍ത്തുന്ന പ്രതീക്ഷകളുമുണ്ട്. ഉറപ്പുകളും വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കുവാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരുവാനും താങ്കളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.
വംശീയ രാഷ്ട്രീയവും അധികാര സ്വാധീനം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവും കേരളത്തിന് ആപത്താണ്. ബി ജെ പി അധികാരത്തിലില്ലാത്ത എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫെഡറല്‍ ഘടനയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മുസ്ലിം - ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള നിയമനിര്‍മാണങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
സംഘ്പരിവാര്‍ ഫാഷിസത്തോടും അതിന്റെ മുഴുവന്‍ ചിഹ്നങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സമൂഹത്തിലെ പിന്നാക്ക - ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുവാനും സാമൂഹ്യ നീതിയുടെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും പുതിയൊരു സാഹോദര്യകേരളം കെട്ടിപ്പടുക്കുവാനും സതീശന്റെ മന്ത്രിസഭയ്ക്ക് കഴിയേണ്ടതുണ്ട്. അതിനായുള്ള ഏതു ചുവടുവെപ്പുകള്‍ക്കും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കുന്നു. നയങ്ങളിലും തീരുമാനങ്ങളിലും മറുശബ്ദങ്ങളെയും വിയോജിപ്പുകളെയും കേള്‍ക്കുവാനും തിരുത്തലുകള്‍ ആവശ്യമുള്ളിടങ്ങളില്‍ അത് നടപ്പിലാക്കുവാനുമുള്ള ജനാധിപത്യ വിശാലതയും ജനങ്ങള്‍ പുതിയ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത്തരം പ്രതീക്ഷകളോടും നീതി പുലര്‍ത്താനാകട്ടെ എന്നാശംസിക്കുന്നു. കൂടുതല്‍ നല്ല ദിനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഏതു ശ്രമങ്ങളിലും കൂടെയുണ്ടാകുമെന്നും റസാഖ് പാലേരി പറഞ്ഞു
