BoolokamBoolokam
പന്തിന് പകരം സഞ്ജു? മലയാളി താരത്തെ ഏകദിന ടീമിൽ പരിഗണിച്ചേക്കും

പന്തിന് പകരം സഞ്ജു? മലയാളി താരത്തെ ഏകദിന ടീമിൽ പരിഗണിച്ചേക്കും

മുംബൈ: ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിലേക്ക് റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസനെ പരിഗണിച്ചേക്കും. ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ടി20 ടീമിൽ നിന്ന് പുറത്തായ പന്തിന് ഇപ്പോൾ ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായേക്കും. ലഖ്‌നൗ ക്യാപ്റ്റന് പകരം സഞ്ജുവിനെയോ രാജസ്ഥാൻ റോയൽസ് കീപ്പർ ദ്രുവ് ജ്യുറേലിനെയോ ഗംഭീർ ടീമിലേക്ക് പരിഗണിച്ചേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

2027 ഐസിസി ഏകദിന ലോകകപ്പിന് മുമ്പായി ടീമിനെ സജ്ജമാക്കിയെടുക്കേണ്ട ചുമതല ഗംഭീറിനും സംഘത്തിനുമുണ്ട്. ഏകദിന ടീമിൽ ബാക്കപ്പ് കീപ്പർ റോളിലാണ് റിഷഭ് പന്തുണ്ടായിരുന്നത്. എന്നാൽ മോശം ഫോമിനെ തുടർന്ന് വലയുന്ന പന്തിന് പകരം സഞ്ജു സാംസൺ, ദ്രുവ് ജ്യുറേൽ എന്നീ താരങ്ങളാണ് ഗംഭീറിന്റെ ടീമിലേക്ക് കായാറാനുള്ള സാധ്യത ലിസ്റ്റിലുള്ളത്. ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം അതെ ഫോം ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎല്ലിലും പുറത്തെടുത്ത സഞ്ജുവിന് വൈകാതെ ഏകദിന ടീമിലേക്കും വിളിയെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2026 ഐപിഎൽ സീസണിൽ റിഷഭ് പന്തിന് പച്ചപിടിക്കാനായിട്ടില്ല. എട്ട് ഇന്നിങ്ങ്സുകളിൽനിന്ന് 27 റൺസ് ശരാശരിയിൽ 149 റൺസാണ് താരത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 50 പന്തിൽ നിന്ന് 68 റൺസ് സ്കോർ ചെയ്ത് പുറത്താകാതെ നിന്നത് മാത്രമാണ് ഈ സീസണിലെ പന്തിന്റെ എടുത്തടുപറയാൻ കഴിയുന്ന പ്രകടനം. മറ്റ് മത്സരങ്ങളിലെല്ലാം താരത്തിന് നിരാശയായിരുന്നു ഫലം. അതോടെയാണ് പന്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ഭീഷണിയിലായത്.

സഞ്ജു സാംസൺ അവസാനമായി ഏകദിന കളിച്ചത് 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ്. 2027 ഏകദിന ലോകകപ്പ് വേദിയാകുന്ന ദക്ഷിണാഫ്രിക്കയിലായിരുന്നു സഞ്ജുവിന്റെ അവസാന ഏകദിന മത്സരം. ആ പരമ്പരയിൽ ടി20 യിലും ഏകദിനത്തിലും മലയാളി താരം സെഞ്ച്വറി കുറിച്ചിരുന്നു. ഏകദിനത്തിലിതുവരെ 16 മത്സരങ്ങളിൽ നിന്ന് 510 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ജൂണിൽ അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പാരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!