അപകട സമയത്ത് വീർക്കുന്നതിന് പകരം പൊട്ടിത്തെറിച്ച് ജീവനെടുക്കുന്നു; ചൈനീസ് എയർബാഗുകൾക്ക് വിലക്കുമായി യു.എസ്

അപകട സമയത്ത് വീർക്കുന്നതിന് പകരം പൊട്ടിത്തെറിച്ച് ജീവനെടുക്കുന്നു; ചൈനീസ് എയർബാഗുകൾക്ക് വിലക്കുമായി യു.എസ്

M
MadhyamamSource Link
വാഷിങ്ടൺ: യു.എസിൽ മൂന്നുവർഷത്തിനിടെയുണ്ടായ റോഡ് അപകടങ്ങളിൽ 10 മരണങ്ങൾക്ക് കാരണമായത് ചൈനീസ് നിർമിത എയർബാഗ് ഇൻഫ്ലേറ്ററുകളാണെന്ന് യു.എസ് ഗതാഗത വകുപ്പ്. യു.എസ് ഗതാഗത വകുപ്പിന്റെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട കണ്ടെത്തലുകളിലാണ് ചൈനീസ് കമ്പനിക്കെതിരെ ഗുരുതര ആരോപണം. ചൈനീസ് കമ്പനിയായ ഡി.ടി.എൻ നിർമിച്ച ചൈനീസ് ഫ്രണ്ടൽ ഡ്രൈവർ എയർ ബാഗ് ഇൻഫ്ലേറ്ററുകളാണ് അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ എയർബാഗ് വീർക്കുന്നതിന് പകരം ഇൻഫ്ലേറ്ററുകൾ പൊട്ടിത്തെറിച്ച് ഡ്രൈവർമാരു​ടെ നെഞ്ചിലേക്കും കഴുത്തിലേക്കും മുഖത്തേക്കുമെല്ലാം വലിയ ലോഹശകലങ്ങൾ പതിക്കുകയായിരുന്നുവെന്ന് യു.എസ് പറയുന്നു. 2025 ഒക്ടോബറിലാണ് ഡി.ടി.എൻ ഇൻഫ്ലേറ്ററുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇൻഫ്ലേറ്ററുകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു തകരാറുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡ്രൈവർമാരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ചൈനീസ് കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഡി.ടി.എൻ നിർമിച്ച എയർബാഗ് ഇൻഫ്ലേറ്ററുകൾക്ക് സ്ഥിരമായ നിരോധനം ഏ​ർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അവർ അറിയിച്ചു. 2023ന് ശേഷം എയർബാഗ് ഇൻഫ്ലേറ്ററുകൾ പൊട്ടിത്തെറിച്ചുണ്ടായ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പത്തുപേർക്ക് ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ചൈനയിൽ നിർമിച്ച ഈ ഇൻഫ്ലേറ്ററുകൾ നിയമവിരുദ്ധമായാണ് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. ഏകദേശം പതിനായിരത്തോളം ഡി.ടി.എൻ എയർബാഗുകൾ വിവിധ വാഹനങ്ങളിലായി അമേരിക്കയിലെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എയർബാഗ് പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളിൽ അധികവും ജി.എം ഷെവർലെ മാലിബു വാഹനങ്ങളും ഹ്യൂ​ണ്ടായ് വാഹനങ്ങളുമാണ്. നേരത്തേ അപകടത്തിൽപ്പെട്ട വാഹനങ്ങളിലും ഡി.ടി.എൻ എയർബാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. യു.എസിലെ വാഹനത്തിൽ യഥാർഥ എയർബാഗ് ഇൻഫ്ലേറ്ററുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വാഹന ഉടമകൾ ഉറപ്പാക്കണമെന്ന് എൻ.എച്ച്.ടി.എസ്.എ പറഞ്ഞു. വാഹനത്തിൽ ഡി.ടി.എൻ ഇൻഫ്ലേറ്ററുകൾ കണ്ടെത്തിയാൽ അവ മാറ്റിസ്ഥാപിക്കുന്നതുവരെ അത് ഓടിക്കാൻ പാടില്ലെന്നും അവർ നിർദേശിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപകട സമയത്ത് വീർക്കുന്നതിന് പകരം പൊട്ടിത്തെറിച്ച് ജീവനെടുക്… | Boolokam