ദോഹ: രാജ്യത്തെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന അമീർ കപ്പ് ആവേശപ്പോര് ഇന്ന്. ഖത്തറിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 54ാമത് അമീർ കപ്പ് ഫൈനലിന് വൈകീട്ട് 5.30ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകും. ഖത്തറിലെ കരുത്തരായ അൽ സദ്ദും അൽ ഗറാഫയും വാശിയേറിയ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. ഖത്തറിലെ രണ്ട് കരുത്തരായ ക്ലബുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ, ആവേശം ഗാലറിയിലേക്കും പടരും. ഫൈനൽ പോരാട്ടം ആരാധകർക്ക് ആവേശകരമായ ഒരു ഫുട്ബാൾ വിരുന്നായിരിക്കുമെന്ന് ഉറപ്പ്. ഉച്ചക്ക് 2.30ന് തന്നെ സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. ഖത്തറിന്റെ പാരമ്പര്യവും സംസ്കാരവും വൈവിധ്യമാർന്ന വിനോദ -സാംസ്കാരിക പരിപാടികളും ഒരുക്കി വിപുലമായ ഫാൻ സോണും സ്റ്റേഡിയം പരിസരത്ത് ഒരുക്കിയിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് നടക്കുന്ന ലൈവ് നറുക്കെടുപ്പിലൂടെ ഫുട്ബാൾ ആരാധകർക്ക് കാറുകൾ, ട്രാവൽ പാക്കേജുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കാഷ് പ്രൈസുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. ഫൈനൽ മത്സരത്തോടനുബന്ധിച്ച് മികച്ച സുരക്ഷാ ക്രമീകരണങ്ങളും വിപുലമായ സജ്ജീകരണങ്ങളുമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിലേക്ക് എളുപ്പം എത്തിച്ചേരാൻ ദോഹ മെട്രോ പ്രയോജനപ്പെടുത്താവുന്നതാണന്ന് സംഘാടകർ അറിയിച്ചു. ഗോൾഡ് ലൈനിലെ സ്പോർട് സിറ്റി സ്റ്റേഷനിൽ ഇറങ്ങിയാൽ നേരിട്ട് സ്റ്റേഡിയത്തിൽ എത്താം. കർവാ ടാക്സി ഉപയോഗിക്കുന്നവർക്കായി പ്രത്യേകം ഡ്രോപ്പ് -ഓഫ്, പിക്ക് -അപ്പ് പോയന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് സ്റ്റേഡിയത്തിന് സമീപം പാർക്കിങ് സൗകര്യം ലഭ്യമാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിങ് ഇടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, ഫൈനൽ മത്സരത്തോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി സ്റ്റേഡിയം പരിസരത്തെ റോഡുകൾ അടക്കുന്നതിനാൽ മെട്രോലിങ്ക് സർവിസുകളിൽ മാറ്റം വരുത്തിയതായി ദോഹ മെട്രോയും അറിയിച്ചു. സ്പോർട് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് മാറ്റം വരുത്തിയ മെട്രോ ലിങ്ക് സർവിസുകൾക്ക് പകരമായി മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു. റൂട്ട് M310 - അൽ വാബ് ക്യു.എൽ.എം സ്റ്റേഷനിൽ എക്സിറ്റ് നമ്പർ 1ൽ നിന്ന് സർവിസ് നടത്തും. റൂട്ട് M311 -അൽ സുഡാൻ ബസ് സ്റ്റേഷനിൽ നിന്ന് സർവിസ് നടത്തും. റൂട്ട് M317 -അൽ വാബ് സ്റ്റേഷൻ എക്സിറ്റ് 2-ൽ നിന്ന് സർവിസ് നടത്തും.