റിയാദ്: ഇറാനിൽ നിന്നുള്ള പ്രകോപനരഹിതമായ ആക്രമണങ്ങളെ സൗദി സായുധ സേന അതീവ കാര്യക്ഷമതയോടെ പ്രതിരോധിക്കുകയാണെന്ന് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ അറിയിച്ചു. രാജ്യത്തിെൻറ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും സൈന്യം പുലർത്തുന്ന മികവിനെ അദ്ദേഹം പ്രകീർത്തിച്ചു. വിവിധ സൈനിക വിഭാഗങ്ങളിലെ പോരാളികൾ കാട്ടുന്ന വീര്യത്തിലും അർപ്പണബോധത്തിലും താൻ അഭിമാനിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തിെൻറ നേട്ടങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്നതിൽ സൈന്യം വലിയ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ സൈന്യത്തോടൊപ്പം ഓരോ പൗരനും തുല്യപങ്കാളിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിന് നേരെയുള്ള ഏത് ഭീഷണികളെയും തിരിച്ചറിയുന്നതിലും ജാഗ്രത പാലിക്കുന്നതിലും ജനങ്ങൾ പുലർത്തുന്ന ബോധവൽക്കരണം നിർണ്ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മിസൈലുകളോ ഡ്രോണുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ തന്നെ ‘തവക്കൽനാ’ ആപ്ലിക്കേഷൻ വഴി അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം വിവരങ്ങൾ വേഗത്തിൽ കൈമാറുന്നത് അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രതികരിക്കാൻ സൈന്യത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.