അബൂദബി: റോഡ് ഗതാഗത നിയമങ്ങൾ പാലിക്കാതെ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഗൾഫ് ഗതാഗത വാരത്തിന്റെ ഭാഗമായി മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ കാമ്പയിനിലാണ് പൊലീസ് മുന്നറിയിപ്പ്. നിയുക്ത പാതകളിൽ അല്ലാതെ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കരുത്. അപകടങ്ങളും പരിക്കുകളും ഒഴിവാക്കാൻ ഉപയോക്താക്കൾ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. റിഫ്ളക്ടീവ് ജാക്കറ്റ്, ഹെൽമെറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. പൊതുറോഡുകളിൽ നിന്നും വിട്ടുനിൽക്കണം തുടങ്ങിയ നിർദേശങ്ങളും പൊലീസ് മുന്നോട്ടുവെച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളെന്ന നിലയിൽ ഒട്ടേറെപ്പേർ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗതാഗത നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഗുരുതര അപകടങ്ങൾക്കും ചിലപ്പോൾ മരണങ്ങൾക്കും വരെ കാരണമായേക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.