എപ്‌സ്റ്റീൻ കേസിലെ ഇരകൾക്ക് ബാങ്ക് ഓഫ് അമേരിക്കയുടെ 72.5 ദശലക്ഷം ഡോളർ നഷ്ടപരിഹാരം; അർഹരായവരെ കണ്ടെത്താൻ നടപടി തുടങ്ങി

എപ്‌സ്റ്റീൻ കേസിലെ ഇരകൾക്ക് ബാങ്ക് ഓഫ് അമേരിക്കയുടെ 72.5 ദശലക്ഷം ഡോളർ നഷ്ടപരിഹാരം; അർഹരായവരെ കണ്ടെത്താൻ നടപടി തുടങ്ങി

M
MadhyamamSource Link
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ പീഡനത്തിൽ ഇരകളായ സ്ത്രീകൾക്ക് ബാങ്ക് ഓഫ് അമേരിക്കയുമായി ഒപ്പിട്ട ധാരണയനുസരിച്ച് 72.5 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകും. ഇതുമായി ബന്ധപ്പെട്ട് അർഹരായ ഇരകളെ കണ്ടെത്തുന്നതിനായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം നൽകാൻ കോടതി നിർദേശം നൽകി. ഏകദേശം 75 സ്ത്രീകൾക്കെങ്കിലും ഈ തുക ലഭിക്കാൻ അർഹതയുണ്ടെന്നാണ് അഭിഭാഷകരുടെ കണക്കുകൂട്ടൽ. എപ്‌സ്റ്റീന്റെ ഇരകളാക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളിൽ ഒരാൾ പോലും ഈ നഷ്ടപരിഹാരത്തിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്ന് യു. എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെഡ് റാക്കോഫ് വ്യക്തമാക്കി. സെറ്റിൽമെന്റിന് അന്തിമ അംഗീകാരം നൽകുന്നതിനുള്ള വാദം ആഗസ്റ്റ് 27-ന് നടക്കും. ജെഫ്രി എപ്‌സ്റ്റീന്റെ പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ബാങ്ക് ഓഫ് അമേരിക്ക കണ്ടില്ലെന്ന് നടിച്ചുവെന്നതാണ് പ്രധാന ആരോപണം. എപ്‌സ്റ്റീന്റെ ക്രിമിനൽ നടപടികളിൽ നിന്ന് ബാങ്ക് ബോധപൂർവം സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇരകൾ ആരോപിക്കുന്നുണ്ട്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഫെഡറൽ നിയമമായ 'ട്രാഫിക്കിങ് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ട്' നടപ്പിലാക്കുന്നതിൽ ബാങ്ക് തടസ്സം നിന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങൾക്ക് ബാങ്ക് സൗകര്യം ചെയ്തുകൊടുത്തിട്ടില്ലെന്ന നിലപാടിൽ ബാങ്ക് ഓഫ് അമേരിക്ക ഉറച്ചുനിൽക്കുകയാണ്. പരാതിക്കാരുമായി ഒത്തുതീർപ്പിലെത്തുന്നത് കേസ് അവസാനിപ്പിക്കാനും മുന്നോട്ട് പോകാനും സഹായിക്കുമെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്ന മൂന്നാമത്തെ വലിയ ബാങ്കിങ് സ്ഥാപനമാണ് ബാങ്ക് ഓഫ് അമേരിക്ക. ഈ സെറ്റിൽമെന്റിലൂടെ കൂടുതൽ ഇരകളെ കണ്ടെത്താനാകുമെന്നും അവർക്ക് അർഹമായ നീതി ലഭിക്കുമെന്നുമാണ് നിയമവിദഗ്ധർ കരുതുന്നത്. ഇരകളെ തിരിച്ചറിയുന്നതിനായി വിപുലമായ പട്ടിക തയ്യാറാക്കാൻ അഭിഭാഷകർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ലൈംഗിക കുറ്റവാളിയും ബാലപീഡകനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വിഡിയോകള്‍ എന്നിവ ഇതിലുള്‍പ്പെടും. ഡോണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ബില്‍ഗേറ്റ്‌സ് തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധം രേഖകളിലൂടെ പുറത്തുവന്നിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എപ്‌സ്റ്റീൻ കേസിലെ ഇരകൾക്ക് ബാങ്ക് ഓഫ് അമേരിക്കയുടെ 72.5 ദശ… | Boolokam