ന്യൂഡൽഹി: ആഗോളതലത്തിൽ ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളിലൊന്നായ സിസ്കോ. കമ്പനി 4000ത്തോളം ജീവനക്കാരെ കുറക്കാൻ പദ്ധതിയിടുന്നതായി സി.ഇ.ഒ ചക്ക് റോബിൻസ് ജീവനക്കാർക്ക് അയച്ച മെമോയിൽ പറയുന്നു. എ.ഐയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. മെറ്റാ, ആമസോൺ, ഒറാക്കിൾ എന്നിവിടങ്ങളിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് സിസ്കോയുടെ നീക്കം. മൂന്നാം പാദത്തിൽ സിസ്കോ 15.8 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടിയെന്നും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണെന്നും റോബിൻസ് മെമോയിൽ അവകാശപ്പെട്ടു. എങ്കിലും എ.ഐ യുഗത്തിൽ കമ്പനി വിജയിക്കണമെങ്കിൽ നിക്ഷേപം, ചെലവ് തുടങ്ങിയവയിൽ കഠിനമായ തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നാലായിരത്തിൽ താഴെ മാത്രം ജീവനക്കാരെയാണ് കുറക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു. ആഗോളതലത്തിൽ 80,000 ജീവനക്കാരാണ് സിസ്കോക്കുള്ളത്. ഇതിൽ അഞ്ചുശതമാനത്തിൽ താഴെ മാത്രം ജീവനക്കാരെയാണ് ഒഴിവാക്കുകയെന്നും സി.ഇ.ഒ പറഞ്ഞു. കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപനത്തിന് പിന്നാലെ സിസ്കോയുടെ ഓഹരിയിൽ 17 ശതമാനം വർധനയുണ്ടായി. അതേസമയം, ഏതെല്ലാം വിഭാഗത്തിലെ ജീവനക്കാരെയാണ് തീരുമാനം ബാധിക്കുകയെന്ന് കമ്പനി പരാമർശിച്ചിട്ടില്ല. ജോലി നഷ്ടമാകുന്ന തൊഴിലാളികളെ മേയ് 14 മുതൽ കമ്പനി വിവരം അറിയിക്കും. ഒഴിവാക്കുന്ന ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പിരിച്ചുവിടൽ ചെലവുകൾക്കായി ഒരു ബില്ല്യൺ ഡോളർ കമ്പനി വകയിരുത്തിയതായാണ് വിവരം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - AI villain again Cisco lays off 4000 employees
