ഇസ്ലാമാബാദ്: ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ ദൗത്യം അവസാനിപ്പിക്കുന്നതിൽ യു.എസ് ഇടപെടലുണ്ടായതായി പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ വെളിപ്പെടുത്തൽ. നാല് ദിവസം നീണ്ട സംഘർഷം സമയോചിതമായി അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടുവെന്ന് ശഹ്ബാസ് പറഞ്ഞു. ഇസ്ലാമാബാദിലെ യു.എസ് എംബസിയിൽ അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിന വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ശഹ്ബാസ്. വിഷയത്തിൽ ഇടപെട്ട ട്രംപിനോട് കാലാകാലവും തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും ലക്ഷങ്ങളുടെ ജീവൻ സംരക്ഷിച്ച് മേഖലയിൽ അദ്ദേഹം സമാധാനം ഉറപ്പുവരുത്തിയെന്നും ശഹ്ബാസ് പറഞ്ഞു. ട്രംപിന്റെ നേതൃപാടവത്തെയും അദ്ദേഹം പുകഴ്ത്തി. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് ട്രംപ് നേരത്തെ പലകുറി പ്രസ്താവിച്ചിരുന്നു. എന്നാൽ, ഇന്ത്യ ഇത് നിഷേധിച്ചു. പാർലമെന്റിലടക്കം ഇത് സംബന്ധിച്ച ചോദ്യങ്ങളുണ്ടായപ്പോൾ മൂന്നാം കക്ഷിയുടെ സഹായമില്ലാതെയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ സാധ്യമായതെന്നായിരുന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. തുടർന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു. ഇപ്പോൾ, ട്രംപിന്റെ വാദങ്ങളെ പിന്തുണക്കുകയാണ് ഈ പ്രസ്താവനയിലൂടെ ശഹ്ബാസ് ചെയ്തിരിക്കുന്നത്.
