കിടപ്പ് രോഗികൾക്ക് പ്രത്യേക പരിരക്ഷ മുതൽ ശബരിമല ആചാര സംരക്ഷണം വരെ; എൽ.ഡി.എഫ്, യു.ഡി.എഫ് പ്രകടന പത്രികകൾ പുറത്തിറക്കി

കിടപ്പ് രോഗികൾക്ക് പ്രത്യേക പരിരക്ഷ മുതൽ ശബരിമല ആചാര സംരക്ഷണം വരെ; എൽ.ഡി.എഫ്, യു.ഡി.എഫ് പ്രകടന പത്രികകൾ പുറത്തിറക്കി

M
MadhyamamSource Link
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ തങ്ങളുടെ പ്രകടന പത്രികകൾ പുറത്തിറക്കി. ഇരു മുന്നണികളും വോട്ടർമാരെ ആകർഷിക്കുന്നതിനായി വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളാണ് പത്രികയിലൂടെ മുന്നോട്ടുവെക്കുന്നത്. എൽ.ഡി.എഫിന്റെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പുറത്തിറക്കിയത്. വിപുലമായി അവതരിപ്പിച്ച പത്രികയിൽ വികസനവും ക്ഷേമ പ്രവർത്തനങ്ങളും ഒരുപോലെ ചേർത്തുവെക്കുന്ന 60 ഇന പരിപാടികളാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ കിടപ്പുരോഗികൾക്ക് ആശ്വാസമായി സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും ജോലി ഉറപ്പാക്കാനുള്ള കർമപദ്ധതികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനകാലത്ത് തന്നെ ജോലി കണ്ടെത്താൻ സഹായിക്കുന്ന വിധത്തിൽ കാമ്പസ് പ്ലേസ്‌മെന്റ് സൗകര്യങ്ങൾ, കാർഷിക, വ്യാവസായിക, സാമൂഹിക മേഖലകളെ സ്പർശിക്കുന്ന 60 ഇന പ്രത്യേക പരിപാടികൾ ഭരണത്തുടർച്ചയുണ്ടായാൽ നടപ്പിലാക്കുമെന്ന് പത്രിക ഉറപ്പുനൽകുന്നു. നിലവിലെ ക്ഷേമ പെൻഷൻ തുക ഘട്ടംഘട്ടമായി 3000 രൂപയായി ഉയർത്തുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ 50 ശതമാനം സ്ത്രീകൾക്കും ജോലി ലഭ്യമാക്കുമെന്ന് പത്രിക ഉറപ്പുനൽകുന്നു. അഭ്യസ്തവിദ്യരായ യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും പലിശ രഹിത വായ്പകൾ അനുവദിക്കും. കേരളത്തിന്റെ യാത്രാപ്രശ്നത്തിന് പരിഹാരമായി അതിവേഗ തെക്ക്-വടക്ക് റെയിൽപാതക്കായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പത്രിക വ്യക്തമാക്കുന്നു. യു.ഡി.എഫിന്റെ ഔദ്യോഗിക പ്രകടന പത്രിക കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി യാണ് പത്രിക പ്രകാശനം ചെയ്തത്. ശബരിമലയിലെ ആചാര സംരക്ഷണം മുതൽ കാർഷിക-സാമൂഹിക മേഖലകളെ സ്പർശിക്കുന്ന വിപുലമായ പ്രഖ്യാപനങ്ങളാണ് ഐക്യമുന്നണി വോട്ടർമാർക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷണത്തിന് പ്രത്യേക നിയമം, ദേവസ്വം ബോർഡുകളെ അഴിമതി മുക്തമാക്കാൻ കർശന നടപടികൾ എന്നിവ പത്രികയിൽ വാഗ്ദാനമായി പറയുന്നു. നിലവിലെ സാമൂഹിക സുരക്ഷാ പെൻഷനുകൾ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കും. പെൻഷൻ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കും. റബർ താങ്ങുവില 300 രൂപയാക്കി ഉയർത്തും, ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി വർധിപ്പിക്കും, ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാ കാന്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്ന വാഗ്ദാനവും പത്രികയിലുണ്ട്. കൂടാതെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ ഓർമക്കായി കാമ്പസുകളിൽ റാഗിങ് തടയുന്നതിന് പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നും ഐക്യമുന്നണി ഉറപ്പുനൽകുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിടപ്പ് രോഗികൾക്ക് പ്രത്യേക പരിരക്ഷ മുതൽ ശബരിമല ആചാര സംരക്ഷ… | Boolokam