ജിദ്ദ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ വിജയത്തിെൻറ ആഹ്ലാദമറിയിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘വിജയാരവം’ പ്രവർത്തകർക്ക് ആവേശമായി. ജിദ്ദ ഹരാസാത്തിലെ ഹല ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ആഘോഷ പരിപാടികളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പങ്കുചേർന്നത്. നാട്ടിലെ വിജയാഘോഷങ്ങളെ അനുസ്മരിപ്പിക്കും വിധം കൊടിതോരണങ്ങളാൽ അലംകൃതമായ വേദിയിൽ പച്ച മുണ്ടണിഞ്ഞ പ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള പ്രതീകാത്മക പ്രകടനവും പന്തം മിന്നലും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കൂടാതെ നാട്ടിൽ തരംഗമായ രാഷ്ട്രീയ-ആക്ഷേപ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും പായസ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. കെ.പി മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സി.കെ. റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാഷനൽ സെക്രട്ടറി നാസർ വെളിയംകോട്, ചെയർമാൻ ഇസ്മാഈൽ മുണ്ടക്കുളം, വനിതാ വിങ് അധ്യക്ഷ മുംതാസ് ടീച്ചർ, ഒ.ഐ.സി.സി റീജ്യനൽ പ്രസിഡൻറ് ഹകീം പാറക്കൽ, ഒ.ഐ.സി.സി നേതാവ് ആസാദ് പേരൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ വി.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. വിവിധ നാഷനൽ-ജില്ലാ ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സകീർ നാലകത്ത്, ലത്തീഫ് വെള്ളമുണ്ട, എ.കെ ബാവ, ഹസ്സൻ ബത്തേരി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
