ബീജിങ്: ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം ലോകം ഉറ്റുനോക്കുന്ന ഉഭയകക്ഷി ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബീജിങ്ങിലെത്തി. 2017ലെ തന്റെ ആദ്യ ടേമിന് ശേഷം ട്രംപ് നടത്തുന്ന ആദ്യ ഔദ്യോഗിക ചൈന സന്ദർശനമാണിത്. ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ വൻ സ്വീകരണമാണ് ട്രംപിനും സംഘത്തിനും ഷി ജിൻപിങ് ഒരുക്കിയത്. എന്നാൽ, നയതന്ത്ര മര്യാദകൾക്കിടയിലും തായ്‌വാൻ വിഷയത്തിൽ കടുത്ത നിലപാടാണ് ചൈനീസ് പ്രസിഡന്റ് സ്വീകരിച്ചത്. തായ്‌വാൻ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഷി ജിൻപിങ് മുന്നറിയിപ്പ് നൽകി. ഇത് ചൈന-അമേരിക്ക ബന്ധത്തെ അതീവ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിയിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലെ പ്രധാന വിഷയങ്ങൾ രണ്ട് ദിവസം നീളുന്ന സന്ദർശനത്തിൽ ലോകസാമ്പത്തിക ക്രമത്തെയും സുരക്ഷയെയും ബാധിക്കുന്ന നാല് പ്രധാന വിഷയങ്ങളിലാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കുകയും ചൈനീസ് വിപണി അമേരിക്കൻ കമ്പനികൾക്കായി കൂടുതൽ തുറന്നുകൊടുക്കുകയും ചെയ്യുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. തായ്‌വാന് അമേരിക്ക നൽകുന്ന ആയുധ സഹായത്തിൽ ചൈനക്കുള്ള കടുത്ത അതൃപ്തി ഷി ജിൻപിങ് ചർച്ചയിൽ ഉന്നയിച്ചു. തായ്‌വാൻ ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അവിടെ കടന്നുകയറ്റം അനുവദിക്കില്ലെന്നുമാണ് ബീജിങ്ങിന്റെ നിലപാട്. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷവും ഹുർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങളും ചർച്ചയുടെ ഭാഗമാണ്. ഇറാന്റെ കാര്യത്തിൽ ചൈനയുടെ സജീവ ഇടപെടൽ ട്രംപ് ആവശ്യപ്പെട്ടേക്കും. എ.ഐ സാങ്കേതികവിദ്യയുടെ വികാസവും സൈനിക ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളും ചർച്ചയാകും. അമേരിക്കൻ ബിസിനസ് ലോകത്തെ പ്രമുഖരായ സി.ഇ.ഒമാരുടെ ഒരു വലിയ നിര തന്നെ ട്രംപിനെ അനുഗമിക്കുന്നുണ്ട്. ഒരു ട്രില്യൺ ഡോളറിലധികം ആസ്തിയുള്ള കമ്പനികളുടെ തലവന്മാരാണ് ബീജിങ്ങിലെത്തിയിരിക്കുന്നത്. ട്രംപിന്റെ വിമാനമായ എയർഫോഴ്സ് വണ്ണിലാണ് മസ്ക് ബീജിങ്ങിലെത്തിയത്. ചൈനയിൽ വലിയ നിക്ഷേപങ്ങളുള്ള ടെസ്‌ലക്ക് ഈ സന്ദർശനം നിർണ്ണായകമാണ്. ചൈനയിലെ ആപ്പിളിന്റെ ഉല്പാദന കേന്ദ്രങ്ങളുടെ സുരക്ഷയും വിപണിയും ലക്ഷ്യമിട്ടാണ് ടിം കുക്കിന്റെ സാന്നിധ്യം. ചൈനയിൽ നിന്ന് ഏകദേശം 500 വിമാനങ്ങളുടെ വലിയ ഓർഡർ സ്വന്തമാക്കാനാണ് കെല്ലി ഓർട്ടബെർഗ് ലക്ഷ്യമിടുന്നത്. എ.ഐ ചിപ്പുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ എൻവിഡിയ മേധാവിയും സംഘത്തിലുണ്ട്. ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചഇരുരാജ്യങ്ങളും എതിരാളികളായല്ല, പങ്കാളികളായാണ് പ്രവർത്തിക്കേണ്ടത് എന്ന് ഷി ജിൻപിങ് ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞു. അതേസമയം, ചൈനയുമായുള്ള ബന്ധം മുമ്പത്തേക്കാൾ മികച്ചതാകുമെന്ന് ട്രംപും പ്രത്യാശ പ്രകടിപ്പിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ടെമ്പിൾ ഓഫ് ഹെവൻ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങളും ട്രംപ് സന്ദർശിക്കും. വ്യാപാരക്കരാറുകളിൽ പുരോഗതിയുണ്ടായാൽ ലോക വിപണിയിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ തായ്‌വാൻ, ഇറാൻ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും എങ്ങനെ വിട്ടുവീഴ്ച ചെയ്യും എന്നതാണ് നയതന്ത്ര വിദഗ്ധർ ഉറ്റുനോക്കുന്നത്.
