ചണ്ഡീഗഢ്: പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുൻ കോൺഗ്രസ് എം.എൽ.എ നവ്ജ്യോത് കൗർ സിദ്ദു പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'ഭാരതീയ രാഷ്ട്രവാദി പാർട്ടി' എന്നാണ് പുതിയ പാർട്ടിയുടെ പേര്. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട് കൃത്യം രണ്ട് മാസം തികയുമ്പോഴാണ് മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷനുമായ ന വ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ പുതിയ രാഷ്ട്രീയ നീക്കം നടത്തിയത്. തിങ്കളാഴ്ച രാത്രി വൈകി എക്സിലൂടെയാണ് കൗർ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് കോൺഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന കൗറിനെ ഫെബ്രുവരി 6നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മുഖ്യമന്ത്രി കസേരക്കായി 500 കോടി രൂപ എന്ന ഇവരുടെ പരാമർശം വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. രാഹുൽ ഗാന്ധിയെയും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങിനെയും കൗർ പരസ്യമായി വിമർശിച്ചിരുന്നു. വാറിങ്ങിനെ അഴിമതിക്കാരനും ഏറ്റവും മോശം പ്രസിഡന്റും എന്നാണ് കൗർ വിശേഷിപ്പിച്ചത്. The much awaited announcement ;we have been working on a new alternative at a national level after carefully monitoring and reviewing the current standards of performance of political leaders. Just wanting to dedicate our lives for our country giving back to the people what they… pic.twitter.com/5ypRNoX21Q — Dr Navjot Sidhu (@NavjotSidh42212) April 6, 2026 പുതിയ പാർട്ടിയുടെ ബാനറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ തീരുമാനം ഒരു ദിവ്യപ്രേരണ ആണെന്ന് കൗർ കുറിച്ചു. പഞ്ചാബിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കാനുമാണ് പുതിയ പാർട്ടിയെന്ന് അവർ വ്യക്തമാക്കി. ‘നിലവിലെ രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തന നിലവാരം വിലയിരുത്തിയ ശേഷം ദേശീയ തലത്തിൽ ഒരു പുതിയ ബദൽ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. രാജ്യത്തിനായി ജീവിതം സമർപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം. സമാന ചിന്താഗതിയുള്ളവരുടെ കൂട്ടായ്മയിലൂടെ ഓരോ സംസ്ഥാനത്തും നീതിയും സമാധാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം’-നവ്ജ്യോത് കൗർ സിദ്ദു എക്സിൽ കുറിച്ചു. പഞ്ചാബിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുമെന്നും പുറത്തുനിന്നുള്ള ഇടപെടലുകളില്ലാത്ത, നിസ്വാർത്ഥ സേവനത്തിലധിഷ്ഠിതമായ ഒരു ഭരണക്രമം കൊണ്ടുവരുമെന്നും കൗർ വാഗ്ദാനം ചെയ്തു. ഭർത്താവ് നവ്ജ്യോത് സിങ് സിദ്ദു പുതിയ പാർട്ടിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാനാണ് കൗറിന്റെ നീക്കം.
