ഗസ്സ: ഗസ്സയിലെ കുഞ്ഞുങ്ങൾ ദിവസവും കാണുന്നത് മരണങ്ങളാണ്, മരണ യാത്രകളാണ്... മുതിർന്നവരുടെ ജീവിതം നോക്കി പഠിക്കുന്ന കുരുന്നുകൾ പിന്നെ എന്ത് കളിക്കും? ഗസ്സയിലെ ഒരു കൂട്ടം കുരുന്നുകൾ കളിക്കുന്ന വിഡിയോയാണ് ഇപ്പോൾ എക്സിൽ വ്യാപകമായി പ്രചരിക്കുന്നത്. നമ്മുടെ കുരുന്നുകൾ പാവകൾ കൊണ്ട് നമ്മുടെ ജീവിതം അനുകരിച്ച് കളിക്കുമ്പോൾ അവർ പാവകൾക്ക് നടത്തുന്നത് മരണയാത്രകളാണ്. അഞ്ചിൽ താഴെ മാത്രം പ്രായം വരുന്ന കുരുന്നുകളാണ് വിഡിയോയിലുള്ളത്. അവർ ഒരു പാവയെ സ്ട്രക്ചറിൽ കിടത്തുന്നു. പിന്നീട് എല്ലാവരും ചേർന്ന് ശ്രദ്ധാപൂർവം ശവമഞ്ചം കൊണ്ടുപോകുന്നതുപോലെ ആ സ്ട്രക്ചർ പൊക്കി കൊണ്ടു പോകുന്നു. മൃതദേഹം പോലെ കിടത്തിയ പാവ താഴെ വീഴാതിരിക്കാൻ വളരെ കരുതലോടെയാണ് അവരുടെ നടപ്പ്. പിന്നീട് ആ സ്ട്രക്ചറും പാവയും മറ്റൊരിടത്ത് കൊണ്ടുപോയി വെക്കുന്നതാണ് വിഡിയോയിൽ. അവരിൽ ചിലർ ആ ദാരുണ നിമിഷത്തിന്റെ ഭാരം അറിയാതെ, മനസ്സിലാക്കാതെ മൃദുവായി പുഞ്ചിരിക്കുന്നത് വിഡിയോയിൽ കാണാം. സാധാരണ കളികളിൽ മാത്രം മുഴുകേണ്ട കുരുന്നുകൾ പകരം അവർ എപ്പോഴും കാണുന്ന, മനസിലാകുന്ന ഒരു ശവസംസ്കാരം പുനർനിർമിക്കുകയാണ് ചെയ്യുന്നത്. യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. ഗസ്സയിലെ കുഞ്ഞുങ്ങൾ ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ചകളാണ് കണ്ടുവളരുന്നത്. അതുകൊണ്ടുതന്നെ ദാരുണ മരണങ്ങൾ ആ കുഞ്ഞു ജീവിതങ്ങളുടെ ഭാഗമായി കഴിഞ്ഞു. അവരുടെ പ്രായത്തിന് ചേരുന്ന കളിയല്ല അവരുടേത്. കുരുന്നുകളുടെ വിഡിയോ നെഞ്ചുലക്കുന്നതാണെന്ന് പലരും എക്സിൽ കുറിച്ചു. ‘ഇതാണ് അവർ ദിവസവും കാണുന്നത്... സ്ട്രെച്ചറുകളുള്ള ആംബുലൻസ് ആശുപത്രികളിലേക്കും പുറത്തേക്കും ആളുകളെ കൊണ്ടുപോകുന്നു’ -ഒരു ഉപയോക്താവ് എഴുതി. ‘ഈ കുട്ടികൾ എന്താണ് യഥാർഥത്തിൽ കാണുന്നതെന്ന് സങ്കൽപ്പിച്ചുനോക്കൂ. ഇത് ശരിക്കും സങ്കടകരമായ ഒരു കളിയാണ്’ -മറ്റൊരു ഉപയോക്താവ് വിഡിയോക്ക് കീഴിൽ എഴുതി. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം 72,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഇതിൽ ഏറ്റവും കൂടുതൽ കുരുന്നുകളായിരുന്നു. യുദ്ധകാലത്ത് ഓരോ മണിക്കൂറിലും ശരാശരി ഒരു ഫലസ്തീൻ കുട്ടിയെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സന്നദ്ധ സംഘടനയായ സേവ് ദി ചിൽഡ്രൻ പറയുന്നു. 20,000ത്തിൽ അധികം വരും കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം. യുദ്ധകെടുതിയുടെ ഭാഗമായി ഗസയിലുടനീളം വിശപ്പ് പിടിമുറുക്കുകയാണ്. പകുതിയോളം കുട്ടികൾ ഭക്ഷ്യക്ഷാമം നേരിടുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുറഞ്ഞത് 1,32,000 കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് മൂലം മരിക്കാനുള്ള സാധ്യതയുണ്ടെന്ന് യു.എൻ റിപ്പോർട്ട് ചെയ്യുന്നു.

ഗസ്സയിൽ പാവക്ക് മരണയാത്രയൊരുക്കി കളിക്കുന്ന കുരുന്നുകൾ... എല്ലാത്തിനും സാക്ഷിയാകുന്ന കുരുന്നുകൾ പിന്നെ എന്ത് കളിക്കും?
M
MadhyamamSource Link
about 1 month ago