ബംഗളൂരു: വനം വകുപ്പിന് കീഴിലെ അംഗീകൃത ട്രക്കിങ് പാതകളില്‍ ഗൈഡില്ലാതെ ട്രക്കിങ് അനുവദിക്കില്ലെന്ന് വനം മന്ത്രി ഈശ്വര്‍ ഖാന്ദ്രെ . ട്രക്കിങ് നടത്തുന്നവരുടെ സുരക്ഷക്കായി രൂപവത്കരിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 പേരടങ്ങുന്ന സംഘത്തിന് ഒരു പ്രാദേശിക ഗൈഡ് എന്ന രീതിയില്‍ വിന്യസിക്കും. പരമാവധി 150 പേരെ മാത്രമേ ഒരു സമയം ട്രക്കിങ് നടത്താന്‍ അനുവദിക്കുകയുള്ളൂ. രജിസ്ട്രേഷൻ നിർബന്ധമാണ്. ഒരാള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത് എങ്കില്‍ പോലും ഗൈഡിന്‍റെ നേതൃത്വത്തില്‍ മാത്രമേ ട്രക്കിങ് അനുവദിക്കുകയുള്ളൂ. തടിയന്‍റമോള്‍ ട്രെക്കിങിനിടെ കോഴിക്കോട് സ്വദേശിനിയെ കാണാതായതും ചിക്കമഗളൂരുവിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം പാലക്കാട് നിന്നുള്ള പെൺകുട്ടി അപകടത്തിൽ പെട്ട സംഭവവും മുന്‍നിര്‍ത്തിയാണ് എസ്.ഒ.പി രൂപവത്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജി.പി.എസ് ഘടിപ്പിച്ച വാക്കി-ടോക്കികൾ നിർബന്ധമായും ഗൈഡിന്‍റെ കൈവശം ഉണ്ടായിരിക്കണം. കൂടാതെ ട്രക്കിങ് റൂട്ട് മാപ്പുകൾ അടങ്ങിയ മൊബൈൽ ആപ്പ് ട്രക്കിങ് നടത്തുന്നവരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യും. ട്രക്കിങ് നടത്തുന്നവർക്ക് വഴിതെറ്റിയാൽ അവരെ കണ്ടെത്താൻ ഇത് സഹായകരമാകും. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ്, ദൂരം, ദൈർഘ്യം, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ട്രക്കിങ് നടത്തുന്നവരെ അറിയിക്കും. വന്യ ജീവികളുടെ ആക്രമണം ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് നിർദേശങ്ങളും നൽകും. ട്രക്കിങ് റൂട്ടുകളിൽ ഉച്ചത്തിലുള്ള ഉപകരണങ്ങൾ, മൂർച്ചയുള്ള ലോഹ വസ്തുക്കൾ, ആയുധങ്ങൾ, ക്യാമ്പ് ഫയർ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബേസ് ക്യാമ്പുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ടോയ്‌ലറ്റുകളും കുടിവെള്ള സൗകര്യവും ഒരുക്കും. ദിശാസൂചന നല്‍കുന്ന ആരോ മാര്‍ക്കുകള്‍ ട്രക്കിങ് റൂട്ടുകളിൽ രേഖപ്പെടുത്തും. ബേസ് ക്യാമ്പുകളിലും വിശ്രമ കേന്ദ്രങ്ങളിലും അംഗങ്ങളുടെ എണ്ണമെടുക്കണം. ആരും വഴിതെറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഓരോ 30 മിനിറ്റിലും ഗൈഡുകൾ വാക്കി-ടോക്കി വഴി ബേസ് ക്യാമ്പുമായി ആശയവിനിമയം നടത്തണം. ട്രക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ആശയവിനിമയം നടന്നില്ലെങ്കിൽ സുരക്ഷ ഉറപ്പാക്കാൻ ബേസ് ക്യാമ്പ് ജീവനക്കാർ ഗൈഡുമായി ബന്ധപ്പെടണം. ട്രക്കിങ് നടത്താന്‍ പ്രായപൂർത്തിയാകാത്തവർ മാതാപിതാക്കളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സമ്മതപത്രം കൈവശം വെക്കണം. മുതിർന്ന പൗരന്മാർ ട്രക്കിങ് നടത്താനുള്ള ശാരീരിക ശേഷി സ്ഥിരീകരിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം. ട്രെക്കിങില്‍ പങ്കെടുക്കുന്നവരും ഗൈഡുകളും പ്രഥമശുശ്രൂഷ കിറ്റ് കൈവശം വെക്കണം.