വിരുദുനഗർ: ചിന്നഭിന്നമായ മനുഷ്യശരീര ഭാഗങ്ങൾ നാലുഭാഗത്തും ചിതറിത്തെറിക്കുന്നു... രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് സമീപത്തേക്ക് അടുക്കാൻ പോലും പേടി തോന്നുന്ന വിധത്തിൽ നിർത്താതെ തുടരെ തുടരെ പൊട്ടിത്തെറികൾ.. ഒരുമണിക്കൂറോളം തുടർന്ന സ്ഫോടന പരമ്പരയിൽ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് രക്ഷാപ്രവർത്തകർ... ‘വനജ ഫയർ വർക്സ്' എന്ന പടക്ക നിർമാണശാലക്ക് തീപ്പിടിച്ച തമിഴ്നാട് വിരുദുനഗറിൽ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കാണ് ഓടിയെത്തിയവർ സാക്ഷ്യം വഹിച്ചത്. നാടിനെ നടുക്കിയ ദുരന്തത്തിൽ 24 പേരാണ് ഇതിനകം മരിച്ചത്. ലഭിച്ച മൃതദേഹങ്ങൾ പലതും ചിന്നിച്ചിതറിയ നിലയിലാണ്. പല ആളുകളെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടസമയത്ത് അമ്പതിലധികം തൊഴിലാളികൾ പടക്കശാലയിൽ ഉണ്ടായിരുന്നു. സാധാരണഗതിയിൽ ഞായറാഴ്ച സ്ഥാപനത്തിന് അവധിയാണ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പടക്കങ്ങൾക്ക് ആവശ്യകത കൂടിയതോടെയാണ് ഇന്ന് സ്ഥാപനം തുറന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. പത്തു കിലോമീറ്റർ ദൂരത്തോളം പ്രകമ്പനമുണ്ടാക്കിയ ശക്തമായ സ്ഫോടനമാണ് നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശിവകാശിയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും അഗ്നിശമന സേന സ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മുത്തുമാണിക്കം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കശാല. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

ചിന്നിച്ചിതറി മനുഷ്യ ശരീരങ്ങൾ, നിർത്താതെ പൊട്ടിത്തെറി; വിരുദുനഗർ പടക്കശാല തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു
M
MadhyamamSource Link
21 days ago