ജയിച്ചിട്ടും പഞ്ചാബിന് ‘പണി കിട്ടി’! ശ്രേയസ്സിനും താരങ്ങൾക്കും വമ്പൻ പിഴ, ആവർത്തിച്ചാൽ വിലക്ക്?

ജയിച്ചിട്ടും പഞ്ചാബിന് ‘പണി കിട്ടി’! ശ്രേയസ്സിനും താരങ്ങൾക്കും വമ്പൻ പിഴ, ആവർത്തിച്ചാൽ വിലക്ക്?

M
MadhyamamSource Link
ചെന്നൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചു വിക്കറ്റിന് തകർത്ത് പോയന്‍റ് പട്ടികയിൽ മുന്നിലെത്തിയതിനു പിന്നാലെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ്സ് അയ്യർക്ക് പിഴ ചുമത്തി ഐ.പി.എൽ ഗവേണിങ് കൗൺസിൽ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ശ്രേയസ്സിനും സഹതാരങ്ങൾക്കും പിഴ ചുമത്തിയത്. ശ്രേയസ്സ് 24 ലക്ഷം രൂപയും ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പഞ്ചാബ് പ്ലെയിങ് ഇലവനിലെ ബാക്കി താരങ്ങൾ ആറു ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഇതിൽ ഏതാണോ കുറവ് അത് പിഴയായി നൽകണം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പഞ്ചാബ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശ്രേയസ്സിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴവ് ആവർത്തിച്ചതോടെയാണ് ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം 24 ലക്ഷം പിഴ ചുമത്തിയത്. ഇനിയും ഇതേ പിഴവ് ആവർത്തിച്ചാൽ ശ്രേയസ് അയ്യർക്ക് 30 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. മത്സര വിലക്കും നേരിട്ടേക്കാം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ശ്രേയസ്സ് വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി തിളങ്ങി. 29 പന്തിൽ മൂന്നു സിക്സും നാലു ഫോറുമടക്കം 50 റൺസെടുത്തു. 34 പന്തിൽ 43 റൺസുമായി വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ്ങും 11 പന്തിൽ 39 റൺസുമായി ഇംപാക്ട് പ്ലെയർ പ്രിയാൻഷ് ആര്യയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആറു പന്തിൽ 14 റൺസുമായി ശശാങ്ക് സിങ്ങും മൂന്നു പന്തിൽ ഒമ്പത് റൺസുമായി മാർകസ് സ്റ്റോയിനിസും പുറത്താകാതെ നിന്നു. നേരത്തെ, ആയുഷ് മാത്രെയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ചെന്നൈ സ്കോർ 200 കടത്തിയത്. ശിവം ദുബെ 27 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈ ജഴ്സിയിൽ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ സഞ്ജു ഏഴു പന്തിൽ ഒരു ഫോറടക്കം ഏഴു റൺസെടുത്ത് പുറത്തായി. സേവ്യർ ബാർട്‍ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ്ങിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരത്തിലും താരം രണ്ടാം ഓവറിൽ പുറത്തായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയിച്ചിട്ടും പഞ്ചാബിന് ‘പണി കിട്ടി’! ശ്രേയസ്സിനും താരങ്ങൾക്… | Boolokam