ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ പത്ത് വർഷം തടവ്; യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ദക്ഷിണ റെയിൽവേ

ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ പത്ത് വർഷം തടവ്; യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ദക്ഷിണ റെയിൽവേ

M
MadhyamamSource Link
ചെന്നൈ: ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദക്ഷിണ റെയിൽവേ . യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ തടയാൻ പൊതുജനങ്ങളുടെ സഹകരണം തേടിക്കൊണ്ട് റെയിൽവേ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി ദക്ഷിണ റെയിൽവേ എത്തിയത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായും ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. കല്ലേറ് മൂലം ട്രെയിനിന്റെ ജനൽ ചില്ലുകൾ തകരുന്നത് കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മാരകമായി പരിക്കേൽക്കാനോ വൈകല്യങ്ങൾ സംഭവിക്കാനോ കാരണമാകും. നാരൈക്കിണറിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ട്രെയിനിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 1989ലെ റെയിൽവേ നിയമപ്രകാരം ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സെക്ഷൻ 152, (ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ ട്രെയിനിന് നേരെ കല്ലെറിയുന്നവർക്ക് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം), സെക്ഷൻ 154 (യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികൾക്ക് തടവും പിഴയും ലഭിക്കും. ചെന്നൈ ഡിവിഷന് കീഴിലുള്ള പ്രശ്നബാധിത മേഖലകളിൽ റെയിൽവേ സംരക്ഷണ സേനയും (RPF) റെയിൽവേ പൊലീസും (GRP) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സി.സി.ടി.വി നിരീക്ഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്താൻ നടപടികൾ സ്വീകരിച്ചു വരുന്നു. റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്നവർ, രക്ഷിതാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ കുട്ടികൾക്കും യുവാക്കൾക്കും ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. റെയിൽവേ ട്രാക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139ൽ ഉടൻ വിവരം അറിയിക്കുക.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ പത്ത് വർഷം തടവ്; യാത്രക്കാ… | Boolokam