തെൽഅവീവ്: ഇസ്രായേലിലെ തന്ത്രപ്രധാന ആണവ കേന്ദ്രം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി. 100 ലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച നതാൻസിലെ ആണവ കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍റെ ആക്രമണം. ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലെ ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണങ്ങളിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ തകരുകുയം നിലത്ത് ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തതായി വാർത്താ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഡിമോണയിലും ആറാദിലും വിക്ഷേപിച്ച ഇന്റർസെപ്റ്ററുകൾ ഭീഷണികളെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്നും അതിന്റെ ഫലമായി ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് രണ്ട് തവണ പതിച്ചതായും അഗ്നിശമന സേനാംഗങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അറാദിൽ 84 പേർക്ക് പരിക്കേറ്റു. അവരിൽ 10 പേർക്ക് ഗുരുതരാവസ്ഥയിലാണ്. ഡിമോണയിൽ 33 പേർക്കും പരിക്കേറ്റു."സംഭവസ്ഥലത്ത് വ്യാപകമായ നാശനഷ്ടങ്ങളും കുഴപ്പങ്ങളും ഉണ്ടായി," ആരോഗ്യ പ്രവർത്തകനായ കാർമൽ കോഹൻ പറഞ്ഞു. "വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചെങ്കിലും മിസൈൽ തടഞ്ഞില്ലെന്നായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിനിന്‍റെ പ്രതികരണം. എന്നാൽ ഡിമോണയിലെ ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങളോ ആണവ വികിരണമോ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് അസാധാരണമായ റേഡിയേഷൻ അളവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ശനിയാഴ്ച രാവിലെ ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ യുഎസ്-ഇസ്രയേൽ സേനകൾ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡിമോണയിൽ മിസൈൽ പതിച്ചത്.

തിരിച്ചടിച്ച് ഇറാൻ: ഇസ്രായേൽ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം; നൂറിലേറെ പേർക്ക് പരിക്ക്
M
MadhyamamSource Link
about 2 months ago