തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിന്‍റെ അനുസരണയുള്ള ഉപകരണം; നടപടി ജനാധിപത്യ വിരുദ്ധമെന്നും ബിനോയ് വിശ്വം

തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിന്‍റെ അനുസരണയുള്ള ഉപകരണം; നടപടി ജനാധിപത്യ വിരുദ്ധമെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെക്ക് നോട്ടീസ് അയക്കാൻ അസാമാന്യ തിടുക്കം കാണിച്ച തെരഞ്ഞെടുപ്പ് കമീഷൻ, കേന്ദ്ര ഭരണകക്ഷിയുടെ അനുസരണയുള്ള ഉപകരണമായി മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തന്റെ പ്രസ്താവന സംബന്ധിച്ച് ഖാർഗെ നടത്തിയ വിശദീകരണം അവഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ നിലപാടെടുത്തത്. വനിത സംവരണ ബില്ലിന്റെ പരാജയത്തെ തുടർന്ന് പ്രധാനമന്ത്രി മോദി, മറ്റെല്ലാ പാർട്ടികൾക്കും നേരെ അഴിച്ചുവിട്ട തരംതാണ കടന്നാക്രമണത്തെ കണ്ട ഭാവം പോലും കാണിക്കാത്ത തെരഞ്ഞടുപ്പ് കമീഷനാണ് ഖാർഗെക്കെതിരെ ഭീഷണി ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ കാര്യനിർവഹണ സമിതിയായി മാറുന്നത് ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകർക്കുന്നതാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’യെന്ന് ആക്ഷേപിച്ചെന്ന വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയിരുന്നു. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിലുള്ളത്. ഖാർഗെക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‍വാൾ എന്നിവരടങ്ങ‍ിയ സംഘമാണ് കമീഷനെ സമീപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വിവാദം പ്രചാരണ വിഷയമായിട്ടുണ്ട്. ഖാർഗെയുടെ പരാമർശം അതിരുവിട്ടതാണെന്നും, കേവലം രാഷ്‍ട്രീയ വിമർശനത്തിനപ്പുറം അത് പ്രധാനമന്ത്രി സ്ഥാനത്തിന്‍റെ അന്തസ്സ് തകർക്കുന്നതാണെന്നും ബി.ജെ.പി ആരോപിക്കുന്നു. അപകീർത്തികരമായ പരാമർശത്തിൽ മനോവിഷമവും ആത്മരോഷവും ഉള്ളതുകൊണ്ടാണ് കമീഷന്‍റെ പക്കൽ പരാതിയുമായി എത്തിയതെന്ന് ബി.ജെ.പി സംഘം അറിയിച്ചു. കേവലം ബി.ജെ.പിയുടെ വിഷയമല്ല രാജ്യത്തിന്‍റെ പ്രശ്നമാണിതെന്നും പ്രധാനമന്ത്രി പാർട്ടിയുടേതല്ല, രാജ്യത്തിന്‍റേതാണെന്നും പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. കർശന നടപടിയെടുക്കണമെന്ന് കമീഷനോട് ആവശ്യപ്പെട്ടുവെന്നും ഖാർഗെ മാപ്പുപറയണമെന്നും റിജിജു ആവശ്യപ്പെട്ടു. പരാതി കമീഷൻ സ്വീകരിച്ചെന്നും, അതിൽ ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യം ചേർന്നതിനെ വിമർശിക്കവെയായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എ.ഐ.എ.ഡി.എം.കെ എങ്ങനെ നരേന്ദ്ര മോദിയെപ്പോലെ ഒരു തീവ്രവാദിയുമായി കൈകോർക്കുമെന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബി.ജെ.പി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നുമായിരുന്നു പരാമർശം. പരാമർശം ബി.ജെ.പി വിവാദമാക്കിയതോടെ വാർത്താസമ്മേളനത്തിൽ തന്നെ ഖാർഗെ വിശദീകരണവുമായി രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഒരു തീവ്രവാദി എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ഭയപ്പെടുത്തുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തമാക്കി. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ അന്വേഷണ ഏജൻസികളെ കൈപ്പിടിയിലൊതുക്കി മോദി രാഷ്ട്രീയ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് താൻ അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിന്‍റെ അനുസരണയുള്ള ഉപകരണം; നട… | Boolokam