യാംബു: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് യാംബു ലുലു ഹൈപ്പർ മാർക്കറ്റിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യാംബു റോയൽ കമീഷൻ ആശുപത്രിയിലെ ഇന്ത്യൻ നഴ്സുമാരും ലുലു സ്റ്റാഫ് അംഗങ്ങളും നിരവധി കുടുംബങ്ങളും പങ്കെടുത്തു. റോയൽ കമീഷൻ ആശുപത്രി ഐ.സി.യുവിൽ രണ്ടര പതിറ്റാണ്ടായി സേവനം അനുഷ്ഠിക്കുന്ന മിനിയെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. യാംബു ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ ഷഫീഖ് സിദ്ധീഖ് കൊടുങ്ങല്ലൂർ മിനിക്ക് പുരസ്കാരം സമ്മാനിച്ചു. മറ്റ് നഴ്സുമാർക്കുള്ള അവാർഡുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ ഷാക്കിർ ഹുസൈൻ പാലക്കാട് അധ്യക്ഷത വഹിച്ചു. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ശമ്പളത്തിനും അവകാശങ്ങൾക്കുമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നഴ്സുമാർക്കായി ലുലു ഗ്രൂപ്പ് സ്പോൺസർ ചെയ്ത ‘ലക്കിഡ്രോ’ വിജയികൾക്കുള്ള സമ്മാനങ്ങൾ ലുലു ഗ്രൂപ്പ് അംഗങ്ങളായ അബ്ദുല്ല, നിസാർ, വിഗ്നേഷ് എന്നിവർ ചേർന്ന് നൽകി. ലുലു ഫ്രണ്ട്ലി ആൻഡ് ഹാപ്പി കസ്റ്റമർ സാജൻ നഴ്സസ് ദിന സന്ദേശം കൈമാറി. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ലുലു സൂപ്പർവൈസർ വിഗ്നേഷ് സ്വാഗതവും മാനേജർ ഷഫീഖ് സിദ്ധീഖ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
