ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള മധ്യസ്ഥ സ്ഥാനം സ്വയം ഏറ്റെടുക്കാന് പാകിസ്താൻ ശ്രമിക്കുന്നതിനിടയിലും ഇറാനെതിരായ അമേരിക്കയുടെ യുദ്ധതന്ത്രത്തെ പരിഹസിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ആഗോള ഊർജ വിതരണം അനിശ്ചിതത്വത്തിലാക്കിയ യുദ്ധത്തിൽ വാഷിങ്ടണിന്റെ മാറിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ ആസിഫ് ചോദ്യം ചെയ്തു. യുദ്ധത്തിന് മുമ്പേ തുറന്നു കിടന്നിരുന്ന ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നതിലേക്ക് യു.എസ്-ഇസ്രായേൽ സഖ്യത്തിന്റെ ശ്രദ്ധ മാറിയതായി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. `യുദ്ധത്തിന് മുമ്പേ തുറന്നുകിടന്ന ഹോർമുസ് കടലിടുക്ക് തുറക്കുക എന്നതിലേക്ക് അമേരിക്കുടെ യുദ്ധലക്ഷ്യം മാറിയതായി കാണപ്പെടുന്നു' അദ്ദേഹം കുറിച്ചു. ലോകത്തിലെ തന്ത്രപ്രധാനമായ പാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് പശ്ചിമേഷ്യ യുദ്ധത്തെത്തുടർന്ന് പൂർണ്ണമായും സ്തംഭിച്ചിരുന്നു. നിലവിൽ ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്നത് ഈ ജലപാതയിലൂടെയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിന് തിരിച്ചടിയായി മേഖലയിലുടനീളം ആക്രമണങ്ങൾ നടത്തിയ ഇറാൻ കടലിടുക്കിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. ഇതോടെ പ്രതിദിന ഊർജ ഗതാഗതത്തിൽ 95 ശതമാനം ഇടിവുണ്ടായി. ദിവസേന 120 കപ്പലുകൾ സഞ്ചരിക്കാറുള്ള കടലിടുക്കിലൂടെ മാർച്ച് 1 മുതൽ 25 വരെ വെറും 155 കപ്പലുകൾ മാത്രമാണ് കടന്നുപോയതെന്ന് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ വ്യക്തമാക്കുന്നു. ഇതിൽ 99 എണ്ണം എണ്ണക്കപ്പലുകളും ഗ്യാസ് കാരിയറുകളുമായിരുന്നു. ബുധനാഴ്ച വെറും രണ്ട് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നത്. യുദ്ധം താൽക്കാലികമായി നിർത്താനുള്ള അമേരിക്കയുടെ നിർദേശം ഇറാന് നിഷേധിച്ചിരുന്നു. പകരം ചില നിർദശങ്ങൾ മുന്നോട്ടുവെച്ച ഇറാൻ വീണ്ടും ആക്രമണങ്ങൾ നടത്തി.ഉപരോധങ്ങൾ പിൻവലിക്കൽ, മിസൈലുകളുടെ നിയന്ത്രണം, ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ എന്നിവയാണ് അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. അതേ സമയം ഹുർമുസ് കടലിടുക്ക് ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രഖാപിച്ചു. ഹുർമുസ് വീണ്ടും തുറക്കണമെന്ന യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് അബ്ബാസ് അരാഗ്ചിയുടെ ഈ പ്രസ്താവന. ഇന്ത്യക്ക് പുറമെ ചൈന, റഷ്യ, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്കാണ് സുരക്ഷിത പാതയൊരുക്കുകയെന്നും എന്നാൽ, ശത്രുരാജ്യങ്ങളുടെയോ അവരെ പിന്തുണക്കുന്നവരുടെയോ കപ്പലുകൾക്ക് യാതൊരു കാരണവശാലും അനുമതി നൽകില്ലെന്നും അബ്ബാസ് അരാഗ്ചി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹുർമുസ് കടക്കുന്ന ഏതൊരു കപ്പലും ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ആശയവിനിമയം നടത്തുകയും സുരക്ഷ ചട്ടങ്ങൾ പൂർണമായി പാലിക്കുകയും വേണമെന്ന് ഇറാൻ നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരെയുള്ള ഇസ്രായേൽ-അമേരിക്കൻ യുദ്ധം അയവില്ലാതെ തുടരുകയാണ്. 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപനം ട്രംപിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.