പശ്ചിമേഷ‍്യന്‍ യുദ്ധം മുതലെടുത്ത് ഇന്ത‍്യക്കെതിരെ ഒരു സാഹസത്തിനും മുതിരരുത് -പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

പശ്ചിമേഷ‍്യന്‍ യുദ്ധം മുതലെടുത്ത് ഇന്ത‍്യക്കെതിരെ ഒരു സാഹസത്തിനും മുതിരരുത് -പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

M
MadhyamamSource Link
ന്യൂഡൽഹി: യു.എസ്-ഇസ്രായേൽ-ഇറാന്‍ യുദ്ധം മുതലെടുത്ത് ഇന്ത്യക്കെതിരെ ഒരു സാഹസത്തിനും മുതിരരുതെന്ന് പാകിസ്താന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങി ന്‍റെ മുന്നറിയിപ്പ്. 2025 ൽ നടന്ന പഹൽഗാം ഭീകരാക്രമണവും പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറും നടന്ന് ഒരു വർഷം തികയാന്‍ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുന്നറിയിപ്പ് നൽകിയത്. നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടന്ന സൈനിക് സമ്മാൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ‍്യയിലെ അശാന്തി മുതലെടുത്ത് പാകിസ്താൻ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ ഇന്ത്യയുടെ പ്രതികരണം അതി തീവ്രമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസം നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്‍റെ ഒന്‍പത് ഭീകരക്യാമ്പുകൾ ഇന്ത്യ തകർക്കുകയും പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഇവയിൽ ചിലത് ഇപ്പോഴും അറ്റകുറ്റപ്പണിയിലാണ്. 2025 മെയ് 10 ന് പാകിസ്താന്‍ വെടിനിർത്തലിന് അപേക്ഷിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്. `ഉറി ആക്രമണത്തിന് ശേഷമുള്ള സർജിക്കൽ സ്‌ട്രൈക്കായാലും, പുൽവാമയ്ക്ക് ശേഷമുള്ള വ്യോമാക്രമണമായാലും, ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ ആയാലും... ഭീകരവാദത്തിന് ഞങ്ങൾ ശക്തമായ പ്രഹരം ഏൽപ്പിച്ചിട്ടുണ്ട്' രാജ്‌നാഥ് സിങ് കൂട്ടിചർത്തു. പാകിസ്താന്‍ എപ്രകാരമുള്ള സാഹസത്തിനാണ് ശ്രമിക്കുന്നതന്നോ ഇതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കിയില്ലെങ്കിലും നിലവിൽ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ച അതേ സമയം തന്നെ പാകിസ്താൻ അഫ്ഗാനിസ്താനുമായി യുദ്ധത്തിന് തുടക്കമിട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഈ നീക്കം. ഇറാൻ യുദ്ധത്തിൽ ഏർപ്പെടാതിരിക്കാനുള്ള പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ തന്ത്രമാണിതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. സൗദി അറേബ്യയുമായി പാകിസ്താന് നാറ്റോ മാതൃകയിലുള്ള ഒരു പ്രതിരോധ കരാറുണ്ട്. അതനുസരിച്ച് ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ രണ്ട് രാജ്യങ്ങളും ഒന്നിച്ച് നേരിടണം. സൗദി ഇറാൻ യുദ്ധത്തിൽ പങ്കുചേർന്നാൽ പാകിസ്താനും ചേരേണ്ടി വരും. അതേ സമയം മറ്റൊരു വലിയ യുദ്ധത്തിൽ ഏർപ്പെടുന്നത് പാകിസ്താന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. നിലവിൽ ഇസ്രായേലിനൊപ്പം ചേർന്ന് ഷിയാ രാജ്യമായ ഇറാനെ ആക്രമിക്കുന്നത് പാകിസ്താനിലെ 20 ശതമാനത്തോളം വരുന്ന ഷിയാ ജനവിഭാഗങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇത്തരം ആഭ്യന്തര-അന്തർദേശീയ സമ്മർദ്ദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പാകിസ്താൻ ഇന്ത്യക്കെതിരെ എന്തെങ്കിലും നീക്കം നടത്തുമെന്നുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് രാജ്‌നാഥ് സിങിന്‍റെ ഈ കർശന മുന്നറിയിപ്പ്. അതേ സമയം ഡൽഹിയിൽ പിടികൂടിയ പാകിസ്താന്‍ പൗരന്മാരെ ഉപയോഗിച്ച് ഇസ്‌ലാമാബാദിനെതിരെ ഇന്ത്യ ഒരു `ഫോൾസ് ഫ്ലാഗ്' ഓപ്പറേഷന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ല. പശ്ചിമേഷ‍്യന്‍ യുദ്ധത്തിൽ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് പാകിസ്താൻ പത്രമായ `ദ ഡോൺ' ആരോപിക്കുകയുണ്ടായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ‍്യന്‍ യുദ്ധം മുതലെടുത്ത് ഇന്ത‍്യക്കെതിരെ ഒരു സാഹസത… | Boolokam