പാചകവാതക  പ്രതിസന്ധിയിൽ സംസ്ഥാനത്തെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല: ആന്ധ്രാപ്രദേശ് ധനമന്ത്രി പി കേശവ്

പാചകവാതക പ്രതിസന്ധിയിൽ സംസ്ഥാനത്തെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല: ആന്ധ്രാപ്രദേശ് ധനമന്ത്രി പി കേശവ്

M
MadhyamamSource Link
അമരാവതി: പാചകവാതക പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും തടസ്സമില്ലാതെ പാചകവാതകവിതരണം സർക്കാർ ഉറപ്പാക്കുമെന്നും ആന്ധ്രാപ്രദേശ് ധനമന്ത്രി പി കേശവ്. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതി ഇക്കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച എണ്ണ വിതരണ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുമായും കൃഷിമന്ത്രി കെ. അച്ചന്നായിഡു നടത്തിയ കൂടിക്കാഴ്ചയിൽ പാചകവാതക ലഭ്യത വിലയിരുത്തി. ദൈനംദിന ആവശ്യകത, നിലവിലെ വിതരണ സാഹചര്യം, ഭാവി പദ്ധതികൾ എന്നിവയും കൂടികാഴ്ചയിൽ ചർച്ച ചെയ്തു. അതേസമയം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് മന്ത്രിമാർ ജനങ്ങളോട് അഭ്യർഥിച്ചു. മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനം കുറച്ച്, പാചകവാതക ഉത്പാദനം 20 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രം റിഫൈനറികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകൾക്ക് പുറമെ ആശുപത്രികൾക്കും ഹോസ്റ്റലുകൾക്കും പാചകവാതക വിതരണത്തിൽ മുൻഗണന നൽകുമെന്നും മന്ത്രിമാർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ കേന്ദ്രം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം, നഗരങ്ങളിൽ 25 ദിവസത്തിന് ശേഷവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തിന് ശേഷവും മാത്രമേ റീഫില്ലിംഗിനായി ബുക്ക് ചെയ്യാൻ സാധിക്കൂ. ഇരട്ട സിലിണ്ടർ ഉള്ള ഉപഭോക്താക്കൾ 32 ദിവസം കാത്തിരിക്കണം. കൂടാതെ, പാചകവാതക കരിഞ്ചന്തയിൽ ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി. ഹോട്ടൽ, ഗ്യാസ് ഡീലർമാരുടെ അസോസിയേഷനുകളുമായി സർക്കാർ ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്. 95 ശതമാനം ഗ്യാസ് ബുക്കിംഗും ഓൺലൈൻ വഴിയാണ് നടക്കുന്നത്. 88 ശതമാനം വിതരണവും ഒ.ടി.പി വഴിയാണ് പൂർത്തിയാക്കുന്നതെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇത് ഇനിയും വർദ്ധിപ്പിക്കുമെന്നും അറിയിച്ചു. എൽ.പി.ജി വിതരണത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണത്തെക്കുറിച്ചും സംസ്ഥാനം ആലോചിക്കുന്നുണ്ടെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും ആശ്വാസമായി ഇറാന്‍ ഇസ്രായേൽ സംഘർഷത്തിൽ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ടാങ്കറുകൾ കടന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചാർട്ടർ ചെയ്ത ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ അടുത്ത ആഴ്ച ഇന്ത്യൻ തീരത്തെത്തും. ഇതോടെ രാജ്യത്തെ പാചക വാതക വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതക പ്രതിസന്ധിയിൽ സംസ്ഥാനത്തെ ജനങ്ങൾ പരിഭ്രാന്തരാകേണ്… | Boolokam