‘ഒരുകാലത്ത് പ്രവാസജീവിതമെന്നാൽ കുബ്ബൂസിന്റെയും ഹമ്മൂസിന്റെയും അതിജീവനത്തിന്റെ കഥയായിരുന്നു. കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിനിടയിലും സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച്, പ്രവാസം ഒരു നോമ്പുകാലമായിക്കണ്ട പഴയ തലമുറയുടെ അടയാളമായിരുന്നു ഈ വിഭവങ്ങൾ. അതുകൊണ്ടാകണം പ്രവാസിയുടെ ഭക്ഷണത്തില് രുചിക്ക് വലിയ സ്ഥാനമൊന്നുമില്ലെന്നായിരുന്നു വെപ്പ്. എന്നാല് അടുത്ത കാലങ്ങളായി ദുബൈയിലേക്ക് വരുമ്പോള് ചിത്രം ഏറെ വിചിത്രവും കൗതുകപരവുമാണെന്ന് കാണാം. വിശപ്പിന്റെ വിളിപ്പാടകലെ ലോകത്തിലെ സകല രുചികളും വിരുന്നെത്തുന്ന ഒരു വലിയ തീൻമേശയായി ഇന്ന് ദുബൈ നഗരം മാറിക്കഴിഞ്ഞു. ദുബൈ ക്രീക്കിന്റെയും ബർ ദുബൈയുടെയും ഓരം ചേർന്ന് ഒട്ടേറെ പഴയകാല സ്മരണകളുറങ്ങികിടക്കുന്ന ‘അൽ കറാമ’യിലേക്ക് ചെന്നാൽ ഭക്ഷണവിശേഷങ്ങളുടെ തീവ്രത ബോധ്യപ്പെടും. പ്രവാസികളുടെ ‘തറവാട്ടു മുറ്റം’ എന്ന് വിശേഷിപ്പിക്കാവുന്ന കറാമ വിസ്തൃതിയിൽ ചെറുതാണെങ്കിലും വിസ്മയങ്ങളിൽ വലുതാണ്. ഒരേസമയം സാധാരണക്കാരന്റെ അഭയസ്ഥാനമായും, കൗതുകങ്ങൾ നിറഞ്ഞ ഷോപ്പിങ് വിപണിയായും, ലോകരുചികൾ സംഗമിക്കുന്ന ഇടമായും കറാമ ഇന്നും പ്രവാസത്തിന്റെ ഹൃദയമിടിപ്പായി നിലകൊള്ളുന്നു. ആധുനികതയും പാരമ്പര്യവും കൈകോർക്കുന്ന കറാമയുടെ വിശേഷങ്ങളിലൂടെ ഒരു യാത്ര... ദുബൈ നഗരത്തിന്റെ ഹൃദയതാളം ദുബൈ എന്ന മഹാനഗരത്തിന്റെ ആത്മാവ് തൊട്ടറിയാൻ ബുർജ് ഖലീഫയുടെ ഉയരങ്ങളിലേക്ക് നോക്കണമെന്നില്ല, ദുബൈ കറാമയിലെ തിരക്കേറിയ തെരുവുകളിലൂടെ ഒന്ന് നടന്നു തീർത്താൽ മതിയാകും. ആധുനികതയുടെ പകിട്ടിലേക്ക് നഗരം പടർന്നു പന്തലിക്കുമ്പോഴും, സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് തണലേകുന്ന ഒരു വലിയ തറവാടായി കറാമ ഇന്നും നിലകൊള്ളുന്നു. ഓരോ ഗല്ലികളിലും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സംസാരഭാഷകളും രുചികളും ശൈലികളും ഇഴചേർന്നു കിടക്കുന്ന ഇവിടെ, പ്രവാസത്തിന്റെ യഥാർഥ മുഖം കാണാനാകും. തദ്ദേശീയരുടെയും പ്രവാസികളുടെയും ജീവിതരീതികൾ പരസ്പരം ലയിച്ചുചേരുന്ന അപൂർവ്വമായ ഒരിടം. ഷോപ്പിങ് മാളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തേക്കാൾ കറാമയെ പ്രിയപ്പെട്ടതാക്കുന്നത് ഇവിടുത്തെ സജീവമായ തെരുവോരങ്ങളാണ്. വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വരെ നീളുന്ന വിപുലമായ കച്ചവടശൃംഖലയ്ക്കൊപ്പം, വൈവിധ്യമാർന്ന ഭക്ഷണശാലകൾ കൂടി ചേരുമ്പോൾ കറാമ ഏതൊരാളുടെയും പ്രിയപ്പെട്ടയിടമായി മാറുന്നു. രാവേറെ ചെന്നാലും അടങ്ങാത്ത ആരവങ്ങളും, സുഗന്ധവ്യഞ്ജനങ്ങളുടെ മണം തങ്ങിനിൽക്കുന്ന ഇടനാഴികളും, പാതിരാവിലും ആവി പറക്കുന്ന വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണ ശാലകളും കഫറ്റീരിയകളിൽ നിന്ന് ഉയരുന്ന ചായയുടെ ഗന്ധവും, പാർക്കുകളിലെ നിശബ്ദമായ സൗഹൃദ സംഭാഷണങ്ങളും കറാമക്ക് ഒരു സവിശേഷ തനിമ നൽകുന്നു. നഗരത്തിന്റെ തിരക്കുകൾക്കിടയിലും മനുഷ്യബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന ഒരിടമായി കറാമ ഇന്നും തലയുയർത്തി നിൽക്കുന്നു. കറാമ എന്ന വികാരം ഏതൊരു ദുബൈ പ്രവാസിയുടെയും ഓർമച്ചെപ്പിൽ കറാമയെക്കുറിച്ച് ഒരു അധ്യായമെങ്കിലും ഇല്ലാതിരിക്കില്ല. പ്രവാസത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചവർക്കും പുതിയ സ്വപ്നങ്ങളുമായി വിമാനമിറങ്ങുന്നവർക്കും കറാമ എന്നും ഒരു തണൽമരമാണ്. ഒരു കൈയ്യിൽ ഷോപ്പിങ് ബാഗും മറുകൈയ്യിൽ ആവി പറക്കുന്ന ചായക്കപ്പുമായി നടക്കുന്ന മനുഷ്യർ, പാതിരാവിലും ഉണർന്നിരിക്കുന്ന ഭക്ഷണശാലകൾ, പരിമിതമായ വരുമാനത്തിനുള്ളിലും ജീവിതം ആഘോഷമാക്കാൻ ശ്രമിക്കുന്ന സാധാരണക്കാർ... കറാമ വെറുമൊരു സ്ഥലമല്ല, അതൊരു സംസ്കാരവും ജീവിതരീതിയുമാണ്. പഴയകാല പ്രവാസികൾക്ക് കറാമ കുറഞ്ഞ വാടകയുള്ള താമസസ്ഥലവും പ്രിയപ്പെട്ടവരുടെ ഒത്തുചേരലുമായിരുന്നുവെങ്കിൽ, പുതുതലമുറക്ക് അതൊരു ‘ട്രെൻഡി’ ഇടമാണ്. ആഡംബര കെട്ടിടങ്ങൾ നഗരത്തിന് പുത്തൻ മുഖം നൽകുമ്പോഴും, കറാമയുടെ ആ പഴയ ‘കമ്യൂണിറ്റി ഫീൽ’ ഇന്നും മാറ്റമില്ലാതെ തുടരുന്നു. കുറഞ്ഞ ചിലവിൽ ഇഷ്ടപ്പെട്ടവ വാങ്ങാനും വൈവിധ്യമാർന്ന രുചികൾ തേടാനും ദുബൈയുടെ ‘നാടൻ’ ഭാവം അനുഭവിക്കാനും ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും കറാമയെ തന്റെ ലിസ്റ്റിൽ ആദ്യം അടയാളപ്പെടുത്തുന്നു. വമ്പൻ മാളുകളിലെ ചില്ലുകൂടാരങ്ങളിൽ കാണുന്ന യാന്ത്രികമായ വിൽപ്പന രീതിയല്ല ഇവിടെ. കറാമയിൽ തെരുവുകൾ സംസാരിക്കും, ഓരോ കടയുടമയും നിങ്ങളെ ചിരിച്ചുകൊണ്ട് മാടിവിളിക്കും. ഷോപ്പിങ് പ്രിയരുടെ താവളം കറാമയെ ഷോപ്പിങ് പ്രിയരുടെ ഇഷ്ടയിടമാക്കുന്ന ഘടകങ്ങൾ പലതുണ്ട് . ‘ഫിക്സഡ് പ്രൈസ്’ എന്ന രീതി കറാമയിലെ പല കടകളിലും ഇല്ല. ഉപഭോക്താവിന്റെ സാമർഥ്യം പോലെ വില കുറച്ചു വാങ്ങാം എന്നതാണ് ഒരു പ്രത്യേകത. ഒരുപക്ഷേ ദുബൈയിൽ ഏറ്റവും കൂടുതൽ ‘ബാർഗെയിനിങ് ഷോപ്പിങ്’ നടക്കുന്നത് ഈ തെരുവുകളിലായിരിക്കും. ബാഗുകൾ, വാച്ചുകൾ, ഷൂസുകൾ, സൺ ഗ്ലാസുകൾ എന്നിവക്ക് കറാമ ഏറെ പ്രശസ്തമാണ്. ലോകപ്രശസ്ത ബ്രാൻഡുകളുടെ ഡിസൈനുകളോട് കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഇവിടെ ലഭ്യമാണ്. വിനോദസഞ്ചാരികൾ തങ്ങൾക്കും പ്രിയപ്പെട്ടവർക്കും സമ്മാനങ്ങൾ വാങ്ങാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും കറാമയെയാണ്. ആഡംബര മാളുകളുടെ പളപളപ്പില്ലെങ്കിലും, കറാമയിലെ ഓരോ ചെറിയ കടക്കുള്ളിലും വിസ്മയിപ്പിക്കുന്ന ഒരു വിപണിയുണ്ട്. ഓരോ സഞ്ചാരിയും അനുഭവിച്ചിരിക്കേണ്ട തനതായ ഒരു ‘സ്ട്രീറ്റ് ഷോപ്പിങ്’ അനുഭവമാണിത്. ഇവിടുത്തെ പഴയ ‘സൂഖു’കളാണ് ഷോപ്പിങ്ങിന്റെ യഥാർഥ ഹൃദയമിടിപ്പ്. നൂറുകണക്കിന് ചെറിയ കടകൾ നിരനിരയായി നിൽക്കുന്ന സൂഖ് സഞ്ചാരികൾക്ക് വേറിട്ടൊരു കാഴ്ചയാണ്. വസ്ത്രങ്ങൾക്കും സുവനീറുകൾക്കും പുറമെ കൗതുകകരമായ കരകൗശല വസ്തുക്കളും ഇവിടെ സുലഭം. ഇലക്ട്രോണിക്സ് സാധനങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ മിതമായ നിരക്കിൽ ലഭിക്കുന്ന നിരവധി ഷോപ്പിങ് സെന്ററുകൾ കറാമയുടെ സജീവത നിലനിർത്തുന്നു. മണൽക്കാട്ടിലെ ‘മിനി കേരളം’ യു.എ.ഇയിലുള്ള മലയാളികളുടെ ചങ്കും ചങ്കിടിപ്പുമാണ് കറാമ. ദുബൈയിലെ ‘മിനി കേരളം’ എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. മുക്കിലും മൂലയിലും മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഇവിടുത്തെ തെരുവോരങ്ങൾക്ക് വൈകുന്നേരമായാൽ വല്ലാത്തൊരു സൗന്ദര്യമാണ്. എവിടെ നോക്കിയാലും മലയാളികൾ മാത്രം. മലയാളികളുടെ മാത്രം ഭക്ഷണ കേന്ദ്രങ്ങൾ, ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, സലൂണുകൾ, ടൈലറിങ് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ, മിഠായി കടകൾ, കൊച്ചു കൊച്ചു ചായ കടകൾ. വാരാന്ത്യ അവധി ദിനങ്ങളിൽ കറാമ ഉത്സവപ്പറമ്പാകും. വൈവിധ്യങ്ങൾ മാത്രമുള്ള ദുബൈയിൽ വേറെയെത്രയോ സ്ഥലങ്ങളുണ്ടെങ്കിലും ഷോപ്പിങ്ങിനും ചായ കുടിക്കാനുമെല്ലാം കറാമയിൽ തന്നെ പോകണമെന്നപോലെയാണ്. എല്ലാ ആഴ്ചയിലും ഭക്ഷണം കഴിക്കാനും സൊറ പറയാനും മാത്രം കറാമയിലെത്തുന്ന മലയാളി കുടുംബങ്ങൾ ഉണ്ട് .. അവർക്കതൊരു സന്തോഷമാണ്. ദുബൈയിലേക്ക് മലയാളി കുടിയേറ്റം ശക്തമായപ്പോൾ, അന്നത്തെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നായി രുന്നു കറാമ. ജോലിസ്ഥലങ്ങളായ ദേരയിലേക്കും ബർ ദുബൈയിലേക്കും എളുപ്പത്തിൽ എത്താമെന്നതും താങ്ങാനാവുന്ന വാടകയും അക്കാലത്ത് മലയാളികളെ ഇവിടേക്ക് ആകർഷിച്ചു. ആദ്യം വന്നവർ പിന്നീട് വന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നതോടെ ഇതൊരു ‘മലയാളി കോളനി’യായി മാറി. മലയാളിയുടെ ‘ഫുഡ് ഹബ്ബ്’ ആണ് കറാമ. മലയാളി മാനേജ്മെന്റിന് കീഴിലുള്ള സൂപ്പർമാർക്കറ്റുകൾ, ക്ലിനിക്കുകൾ, ട്രാവൽ ഏജൻസികൾ എന്നിവയുടെ വലിയൊരു ശൃംഖല കറാമയിലുണ്ട്. മലയാളം സംസാരിക്കാൻ കഴിയുന്ന കടയുടമകളും ജീവനക്കാരും ഉള്ളത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. നാട്ടിലെ സാധനങ്ങൾ അതേപടി ലഭ്യമാകുന്ന കടകളും ധാരാളമുണ്ട്. സഅബീൽ പാർക്കും കറാമ പാർക്കും പരിസരവും മലയാളികളുടെ പ്രധാന സംഗമവേദികളാണ്. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായി ഒത്തുകൂടാനും രാഷ്ട്രീയവും നാട്ടുകാര്യങ്ങളും സംസാരിക്കാനും പറ്റിയ അന്തരീക്ഷം അവിടെയുണ്ട്. ചെറിയ കെട്ടിടങ്ങളും നടന്നുപോകാവുന്ന ദൂരത്തിലുള്ള സൗകര്യങ്ങളും അയൽപക്ക ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കുന്നു. ചുരുക്കത്തിൽ, ദുബൈയിലെ മറ്റൊരു പ്രദേശത്തും ലഭിക്കാത്ത ‘നാട്ടിലെന്ന പോലെ’ ഫീലിങ്ങാണ് കറാമയെ ഇന്നും മലയാളി മനസ്സിനോട് ചേർത്ത് നിർത്തുന്നത്. കറാമയുടെ ചരിത്രവും ഭൂമിശാസ്ത്രവും 1970 കളുടെ തുടക്കത്തിലാണ് കറാമ എന്ന പ്രദേശത്തിന്റെ ആസൂത്രിതമായ വികസനം ആരംഭിക്കുന്നത്. യു.എ.ഇ രൂപീകൃതമായതിന് പിന്നാലെ ദുബൈയിലേക്ക് പ്രവാസി തൊഴിലാളികളുടെ വലിയൊരൊഴുക്ക് തന്നെയുണ്ടായി. ഈ ജനവിഭാഗത്തിന് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം കറാമയുടെ വികസനത്തിന് തുടക്കമിട്ടത്. ‘സെവൻ തൗസന്റ് ഫ്ലാറ്റുകൾ’ എന്ന പേരിൽ 1978ൽ നിർമിക്കപ്പെട്ട ‘ശൈഖ് റാശിദ് കോളനി’ ആണ് കറാമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളം. കേവലം 7,000 ദിർഹം വാർഷിക വാടകക്ക് ലഭിച്ചിരുന്ന ഈ കെട്ടിടങ്ങൾ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്ക് തണലായി. 2013ൽ ഇവ പൊളിച്ചുമാറ്റുന്നത് വരെ മൂന്ന് തലമുറകളിലായി ആയിരക്കണക്കിന് കുടുംബങ്ങൾ പ്രവാസത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് ഈ മണ്ണിലാണ്. മണൽ കുന്നുകളും പുല്ലും നിറഞ്ഞ പരപ്പായിരുന്നു എൺപതുകളിലെ കറാമയെന്ന് പഴമക്കാർ ഓർക്കുന്നു. ദുബൈ ക്രീക്കിനോട് ചേർന്നുള്ള പ്രദേശമായതിനാൽ വ്യാപാര ആവശ്യങ്ങൾക്കായി എത്തുന്ന ഒട്ടകങ്ങളെ അക്കാലത്ത് വഴിയോരങ്ങളിൽ കാണാറുണ്ട്. ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ ഇപ്പോഴത്തെ അൻസാർ ഗാലറി മാൾ ഭാഗത്ത് സ്ഥിതിചെയ്തിരുന്ന സ്ട്രാൻഡ് സിനിമ ഇന്നും പ്രവാസികളുടെ കറാമയോടുള്ള ഗൃഹാതുരമായ ഓർമകളിൽ തിളങ്ങിനിൽക്കുന്നു. അക്കാലത്ത് മലയാളികളുടെ പ്രധാന ഒത്തുചേരൽ കേന്ദ്രങ്ങൾ സ്ട്രാൻഡ് സിനിമ പരിസരത്തെ ചെറിയ ചായക്കടകളും കഫറ്റീരിയകളും ആയിരുന്നു. 2010 ൽ സ്ട്രാൻഡ് സിനിമ പൊളിച്ചു മാറ്റിയെങ്കിലും ഈ പ്രദേശം ഇപ്പോഴും ‘സ്ട്രാന്റ് സിഗ്നൽ’ എന്നാണ് പഴയ പ്രവാസികൾക്കിടയിൽ അറിയപ്പെടുന്നത്. അടുത്ത കാലത്തായി ‘ദുബൈ സ്ട്രീറ്റ് മ്യൂസിയം’ പദ്ധതിയുടെ ഭാഗമായി കറാമയിലെ കെട്ടിടങ്ങളിൽ വരച്ച കൂറ്റൻ ചുമർചിത്രങ്ങൾ പാലാഭാഗത്തും ഒരു പുതിയ മുഖച്ഛായ നൽകിയിട്ടുണ്ട്. ദുബൈയുടെ മധ്യഭാഗത്തുള്ള ഏറ്റവും ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ ജില്ലയാണിത്. താഴ്ന്ന നിലയിലുള്ള കെട്ടിടങ്ങളും, ടൈറ്റ് ഗ്രിഡ് സംവിധാനത്തിൽ ആസൂത്രണം ചെയ്ത റോഡുകളും ഇതിനെ ബാഹ്യമായിത്തന്നെ വ്യതിരിക്തമാക്കുന്നു. നഗരത്തിന്റെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാനുള്ള മികച്ച ഗതാഗത സൗകര്യമാണ് കറാമയുടെ മറ്റൊരു പ്രത്യേകത. അറബിക് ഭാഷയിൽ ‘കറാമ’ എന്നാൽ ‘മാന്യത’ അല്ലെങ്കിൽ ‘ആദരവ്’ എന്നാണ് അർഥം. താമസക്കാർക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാകാം ഈ പേര് നൽകപ്പെട്ടത്. 1971ൽ യു.എ.ഇ രൂപീകൃതമായപ്പോൾ, അബൂദബിക്കും ദുബൈക്കും ഇടയിലുള്ള അതിർത്തി പ്രദേശത്ത് ‘അൽ കറാമ’ എന്ന പേരിൽ ഒരു പുതിയ നഗരം നിർമിക്കാനും അത് തലസ്ഥാനമായി നിശ്ചയിക്കാനും ആലോചനകളുണ്ടായിരുന്നു. എന്നാൽ 1996ൽ അബൂദബിയെ സ്ഥിരതലസ്ഥാനമായി പ്രഖ്യാപിച്ചതോടെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. നിലവിലെ ദുബൈ കറാമയ്ക്ക് ആ നഗരപദ്ധതിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ഈ പേര് വഹിക്കുന്ന പ്രദേശം ഇന്ന് നഗരത്തിന്റെ സാംസ്കാരിക ഹൃദയമായി നിലകൊള്ളുന്നു. രുചി വൈവിധ്യങ്ങളുടെ കറാമപ്പെരുമ പ്രവാസിയുടെ ഭക്ഷണ സംസ്കാരം മാറ്റിമറിച്ചതിൽ കറാമ എന്ന പ്രദേശത്തിന് വലിയ പങ്കുണ്ട്. 80 കളുടെ അവസാനം വരെ ചെറിയ റെസ്റ്റോറന്റുകളും കഫറ്റേരിയകളും മാത്രമായിരുന്ന ഇവിടെ, പിന്നീട് നാടൻ വിഭവങ്ങളുടെ ഒരു വലിയ വിപ്ലവം തന്നെയുണ്ടായി. കൂടുതലും ഇന്ത്യൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഒന്നാം സ്ഥാനത്ത് കേരളീയ വിഭവങ്ങൾ തന്നെ. നോർത്ത് - സൗത്ത് ഇന്ത്യൻ, ഗുജറാത്തി, രാജസ്ഥാനി, പഞ്ചാബി രുചികൾക്കൊപ്പം പാക്കിസ്ഥാനി, ഫിലിപ്പിനോ, ഇത്യോപ്യൻ, ഇന്തോനേഷ്യൻ, ശ്രീലങ്കൻ, ചൈനീസ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള രുചിക്കൂട്ടുകൾ ഇന്ന് കറാമയുടെ തെരുവുകളെ സജീവമാക്കുന്നു. ഇടുങ്ങിയ ഗല്ലികളിലെ തട്ടുകടകൾ മുതൽ അത്യാധുനിക റെസ്റ്റോറന്റുകൾ വരെ ഈ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. നാടൻ തട്ടുകടകൾ മുതൽ മുന്തിയ റെസ്റ്റോറന്റുകൾ വരെ ഇവിടെയുണ്ട്. കേരളത്തിലെ ഏത് ജില്ലയിലെ ഭക്ഷണവും അതിന്റെ തനത് രുചിയിൽ കറാമയിൽ ലഭ്യമാണ്. ഈ ഭക്ഷണ സംസ്കാരം നിലനിർത്താൻ മലയാളി കച്ചവടക്കാരും അത് ആസ്വദിക്കാൻ മലയാളി ഉപഭോക്താക്കളും ഒത്തുചേർന്നത് കറാമയുടെ വളർച്ചയിൽ വലിയൊരു സ്വാധീനമായി. ആദ്യ കാലങ്ങളിൽ ചെറിയ കഫറ്റീരിയകളും ‘മെസ്സ്’ സംവിധാനങ്ങളുമാണ് ഉണ്ടായിരുന്നത്. പലതും ഇന്ന് നിലവിലില്ലാത്തതോ വലിയ റെസ്റ്റോറന്റുകളായി മാറിയതോ ആണ്. സ്ട്രാന്റ് സിനിമക്ക് ചുറ്റുമുണ്ടായിരുന്ന ചെറിയ കഫറ്റീരിയകളിൽ അക്കാലത്ത് മലയാളികൾക്ക് പരിചിതമായ ചായയും കടിയും ലഭിക്കുമായിരുന്നു. ഇവയിൽ പലതിനും പ്രത്യേകമായ പേരുകൾ ഉണ്ടായിരുന്നില്ല, മറിച്ച് ‘മലയാളിയുടെ കട’ എന്നായിരുന്നത്രെ അറിയപ്പെട്ടിരുന്നത്. 1970 കളിൽ ശൈഖ് റാശിദ് കോളനിയിൽ തുടങ്ങിയ സിന്ധ് പഞ്ചാബ്, അൽ മദായൻ, കറി ഡിഷസ് തുടങ്ങിയവയാണ് കറാമയിലെ ആദ്യകാല റെസ്റ്റോറന്റുകൾ. 80 കളിൽ മലബാർ ഭക്ഷണ രുചികൾക്ക് പ്രാധാന്യം നൽകി ഗേറ്റ് ഓഫ് കറാമ, ഷൗക്കത്ത്, അൽ മുസല്ല തുടങ്ങിയ മലയാളി ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകൾ വന്നു. മലബാർ വിഭവങ്ങളുടെ വരവോടെയാണ് ഇവിടുത്തെ ഭക്ഷണ വിപണിയിൽ വലിയ മാറ്റമുണ്ടായത്. പിന്നീടങ്ങോട്ട് കൂണുകൾ പോലെയാണ് പുതിയ ഹോട്ടൽ സംരംഭങ്ങൾ വളർന്നത്. മിക്ക കെട്ടിടങ്ങൾക്കും താഴെ നിരനിരയായി ഭക്ഷണശാലകൾ കാണാം. നിലവിൽ ശരാശരി അയ്യായിരത്തോളം ഭക്ഷണശാലകൾ കറാമയിൽ മാത്രമുണ്ടെന്നാണ് കണക്ക്. വൻകിട-ചെറുകിട ഹോട്ടലുകളും, റെസ്റ്റോറന്റുകളും, കഫറ്റേരിയ, ചായക്കട തുടങ്ങി കറാമയിലെ ഭക്ഷണ വ്യവസായം അത്രക്കങ്ങ് പൊടിപൊടിക്കുകയാണ്. ഇതിന്റെ വലിയൊരു ശതമാനം ക്രെഡിറ്റും മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. മിക്ക കെട്ടിടങ്ങൾക്ക് താഴെയും ഒരു ഭക്ഷണ ശാല കാണും. ഒരു റെസ്റ്റോറന്റ് കഴിഞ്ഞാൽ അടുത്ത മുറി വേറൊരു കടയല്ല, അതും വേറൊരു റെസ്റ്റോറന്റ് തന്നെ. മലയാളിത്തം തുളുമ്പുന്ന പേരുകളും തനി നാടൻ അന്തരീക്ഷവും പ്രവാസികൾക്ക് ഒരുപോലെ ഗൃഹാതുരത്വം പകരുന്നു. വടക്കൻ മലബാറിലെ വിരുന്ന് വിഭവങ്ങൾക്കും നാലുമണി പലഹാരങ്ങൾക്കും മാത്രമായി ആളുകൾ വരുന്നുണ്ടിവിടെ . ഗുണമേന്മയുള്ള ഭക്ഷണം ഏറ്റവും നല്ല രുചിയിൽ ലഭിക്കുന്നുവെന്നതാണ് പ്രധാന ആകർഷണം. ഭക്ഷണ കാര്യത്തിൽ ദുബൈ മുനിസിപ്പാലിറ്റി പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത കാർക്കശ്യവും വിപണിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. പുതിയ രുചികളെക്കുറിച്ചുള്ള ചർച്ചകൾ പ്രവാസി കുടുംബങ്ങൾക്കിടയിൽ എന്നും സജീവമാണ്. നാടുവിട്ടവന്റെ നാട്ടോർമകൾ ഒരു വലിയ ഭക്ഷണ വ്യവസായത്തിന് എങ്ങനെ കരുത്താകുന്നു എന്ന് കറാമ നമുക്ക് കാണിച്ചുതരുന്നു. റമദാനിൽ ഉറങ്ങാത്ത തെരുവ് ദുബൈയിലെ റമദാൻ രാത്രികളിൽ കറാമ തെരുവ് രുചിയും വർണങ്ങളും നിറയുന്ന ആഘോഷരാവുകളാൽ സമ്പന്നമാകും. വിശ്വാസവും ആഘോഷവും ആത്മീയതയും ഒത്തുചേരുന്ന ഇവിടെ ദുബൈ നഗരസഭ ഒരുക്കുന്ന ‘റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ’ ആണ് പ്രധാന ആകർഷണം. പള്ളികൾക്ക് സമീപമുള്ള ഇഫ്താർ കൂടാരങ്ങളിലെ സൗഹൃദവും പാതിരാത്രി വരെ നീളുന്ന സജീവതയും കറാമയ്ക്ക് ഉത്സവപ്പൊലിമ നൽകുന്നു. മലബാറിന്റെ തനത് രുചികളുടെ ഒരു ആഘോഷം തന്നെയാണ്. അറബിക്, ഫിലിപ്പീനോ വിഭവങ്ങളും സുലഭം. നോമ്പുതുറ മുതൽ പുലർച്ചെ അത്താഴം വരെ നീളുന്ന ഭക്ഷണ വൈവിധ്യവും പെരുന്നാൾ തിരക്കുകളുമായി കറാമ സജീവമായിരിക്കും. പ്രവാസലോകത്ത് നാട്ടിലെ നോമ്പുകാലത്തെ ഓർമിപ്പിക്കുന്ന ഈ കാഴ്ചകൾ ഓരോ സന്ദർശകനും ഗൃഹാതുരത്വം ഉണർത്തുന്ന വേറിട്ട അനുഭവമാണ്. മാറ്റങ്ങളിലേക്ക് ചുവടുവെക്കുന്ന കറാമ ദുബൈയുടെ ഏത് ഭാഗത്തുനിന്നും കറാമയിലേക്ക് എത്തിച്ചേരുക എന്നത് വളരെ എളുപ്പമാണ്. മെട്രോയുടെ വരവ് കറാമയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. റെഡ് ലൈനിലെ എ.ഡി.സി.ബി, ബുർജുമാൻ എന്നീ മെട്രോ സ്റ്റേഷനുകൾ കറാമയുടെ ഹൃദയഭാഗത്തേക്ക് സഞ്ചാരികളെ എത്തിക്കുന്നു. കൂടാതെ, ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് നീളുന്ന ആർ.ടി.എ ബസ് സർവീസുകളും ടാക്സി സൗകര്യങ്ങളും കറാമയെ നഗരത്തിലെ ഏറ്റവും മികച്ച കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിലൊന്നായി നിലനിർത്തുന്നു. നഗരത്തിന്റെ തിരക്കിനിടയിലും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന വിശാലമായ ഫുട്പാത്തുകളും പുതിയ സൈക്കിൾ ട്രാക്കുകളും ഇവിടുത്തെ പ്രത്യേകതയാണ്. ഭാവിയിലേക്ക് നോക്കുമ്പോൾ, കറാമയുടെ തനിമ നിലനിർത്തിക്കൊണ്ടുള്ള നവീകരണ പ്രവർത്തനങ്ങളാണ് ദുബൈ ഭരണകൂടം ലക്ഷ്യമിടുന്നത്. ദുബൈയുടെ 2040 അർബൻ മാസ്റ്റർ പ്ലാനിൽ കറാമ ഉൾപ്പെടുന്ന പഴയ ദുബൈയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. പഴയ കെട്ടിടങ്ങൾക്കും സൂഖുകൾക്കും പകരം അത്യാധുനിക കെട്ടിട സമുച്ചയങ്ങൾ പണിയാനാണ് പ്ലാൻ. നടന്നുപോകാവുന്ന ദൂരത്തിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന ‘15-മിനിറ്റ് സിറ്റി’ എന്ന സങ്കല്പം കറാമയിൽ കൂടുതൽ കരുത്താർജിക്കും. തലമുറകൾ മാറിവന്നാലും, കെട്ടിടങ്ങൾ പുത്തൻ വേഷമണിഞ്ഞാലും, പ്രവാസത്തിന്റെ ആദ്യപാഠങ്ങൾ പറഞ്ഞുതരുന്ന കറാമയുടെ ആ തെരുവുകൾക്ക് മാറ്റമില്ലാത്ത ഒന്നുണ്ട്; അത് അവിടുത്തെ മനുഷ്യരുടെ ആത്മബന്ധമാണ്. ആധുനികതയും പാരമ്പര്യവും കൈകോർക്കുന്ന കറാമ, ഓരോ പ്രവാസിയുടെയും ഹൃദയമിടിപ്പായി തന്നെ നില കൊള്ളും.