മനാമ: ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും പ്രവാസത്തിന്റെ തിരക്കുകളും പങ്കുവെക്കാൻ ഒത്തുചേരുന്ന പ്രവാസി കൂട്ടായ്മകൾക്കിടയിൽ വ്യത്യസ്തമായ പ്രവർത്തനശൈലി കൊണ്ട് ശ്രദ്ദേയമാകുകയാണ് ബഹ്റൈനിലെ കാസർകോട്ടുകാരുടെ 'KL-14' എന്ന ഫാമിലി കൂട്ടായ്മ. കേവലമൊരു ഒത്തുചേരലിനപ്പുറം ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളിൽ വേറിട്ട മുദ്ര പതിപ്പിച്ചുകൊണ്ടാണ് കാസർകോട് ജില്ലക്കാരുടെ ഈ ജനകീയ കൂട്ടായ്മ പ്രവാസലോകത്ത് ശ്രദ്ധേയമാവുന്നത്. കാസർകോടിന്റെ വടക്കേ അതിർത്തിയായ മഞ്ചേശ്വരം മുതൽ തെക്കേ അറ്റമായ തൃക്കരിപ്പൂർ വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി കുടുംബങ്ങളെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്താൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കല, ബിസിനസ്, കായികം, സാങ്കേതികവിദ്യ, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളുടെ കരുത്തുറ്റ സാന്നിധ്യമാണ് 'KL-14'-ന്റെ പ്രധാന ചാലകശക്തി. കൂട്ടായ്മയിലെ ഓരോ അംഗവും തങ്ങളുടെ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. വെറുമൊരു ആഘോഷക്കൂട്ടായ്മ മാത്രമല്ല KL-14 എന്ന് തെളിയിക്കുന്നതാണ് ഇവരുടെ കാരുണ്യപ്രവർത്തനങ്ങൾ. വിവിധ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് തണലാകാനും, പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകാനും ഈ കൂട്ടായ്മ സജീവമായി രംഗത്തുണ്ട്. അസ്ലം തൃക്കരിപ്പൂർ, മനാഫ് പാറക്കട്ട, ഷെഫീൽ പാറക്കട്ട, ഹാരിസ്, യാകൂബ്, ജാഫർ, സവാദ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ മേഖലകളിൽ മികവ് പുലർത്തുന്നവരെ ഒന്നിപ്പിച്ചുകൊണ്ട്, കാസർകോടിന്റെ തനിമയും സ്നേഹവും പ്രവാസലോകത്ത് നിലനിർത്താൻ 'KL-14' എന്ന ഫാമിലി കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്. ബഹ്റൈനിലിൽ വിവിധ സംഘടനകൾ നടത്തുന്ന കലാമത്സരങ്ങളിലും ഈ കൂട്ടായ്മയിലെ അംഗങ്ങൾ ആൺ-പെൺ - കുട്ടികൾ വ്യത്യാസമില്ലാതെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടാറുമുണ്ട്. കൂടുതൽ വിപുലമായ സാമൂഹിക-സാംസ്കാരിക-കാരുണ്യ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
