ബിൽക്കീസ് ​​ബാനു കേസ്; പ്രതികളുടെ ഹരജിയിൽ ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളുടെ പ്രതികരണം തേടി സുപ്രീംകോടതി

ബിൽക്കീസ് ​​ബാനു കേസ്; പ്രതികളുടെ ഹരജിയിൽ ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളുടെ പ്രതികരണം തേടി സുപ്രീംകോടതി

M
MadhyamamSource Link
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപകാലത്ത് ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികൾ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചു. തങ്ങളുടെ ശിക്ഷ ശരിവെച്ച 2017ലെ ബോംബെ ഹൈകോടതി വിധിക്കെതിരെയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. ബിപിൻചന്ദ്ര കനയ്യലാൽ ജോഷിയും പ്രദീപ് രമൺലാൽ മോഡിയയും സമർപ്പിച്ച പ്രത്യേക അവധി ഹരജികളിൽ ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളിൽ നിന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാലും വിജയ് ബിഷ്‌ണോയിയും അടങ്ങുന്ന ബെഞ്ച് പ്രതികരണം തേടിയിട്ടുണ്ട്. കേസ് മെയ് 5 ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു. 2017 മെയ് 4ന് ബോംബെ ഹൈകോടതി 11 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നു. ഈ വിധിയെയാണ് പ്രതികൾ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. നേരത്തെ ഈ കേസിൽ വിധി പറഞ്ഞ ബോംബെ ഹൈകോടതി, പ്രതികളെ സഹായിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കാനും കുറ്റവാളികളെ രക്ഷിക്കാനും ഇവർ ബോധപൂർവ്വം ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു. ‘പോസ്റ്റ്‌മോർട്ടം നടത്തുന്നതിൽ അവർ അശ്രദ്ധ കാണിച്ചു എന്ന് മാത്രമല്ല, പ്രധാനപ്പെട്ട വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയും ചെയ്തു. കുറ്റവാളികളെ സംരക്ഷിക്കാനും അവർക്ക് ശിക്ഷ ലഭിക്കാതിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ വസ്തുതകൾ മറച്ചുവെക്കാനും തെളിവുകൾ ഇല്ലാതാക്കാനുമുള്ള ഒരു ശൃംഖല തന്നെ ഇവർ രൂപപ്പെടുത്തി’ എന്ന് ബോംബെ ഹൈകോടതി നിരീക്ഷിച്ചിരുന്നു. പല ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ കീഴ്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈകോടതി, അവർ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 201, 218 എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, പ്രതികളായ 11 പേരുടെ ശിക്ഷ ശരിവെക്കുകയും അവർ നൽകിയ അപ്പീലുകൾ തള്ളുകയും ചെയ്തു. 2002 ഫെബ്രുവരിയിൽ നടന്ന ഗോദ്ര ട്രെയിൻ തീവെപ്പ് സംഭവത്തെത്തുടർന്ന് ഗുജറാത്തിലുണ്ടായ വർഗീയ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. അവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടു. 2004ൽ സുപ്രീംകോടതി കേസ് ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് 2008ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ, പ്രതികൾക്ക് ഗുജറാത്ത് സർക്കാർ അനുവദിച്ച ശിക്ഷാ ഇളവ് 2024 ജനുവരിയിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചാണ് ഇളവ് നേടിയതെന്നും നിരീക്ഷിച്ച കോടതി, പ്രതികളോട് രണ്ടാഴ്ചക്കകം ജയിലിൽ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിൽക്കീസ് ​​ബാനു കേസ്; പ്രതികളുടെ ഹരജിയിൽ ഗുജറാത്ത്, മഹാരാഷ… | Boolokam