ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന്, ഭരണകക്ഷിയായ ലേബർ പാർട്ടി യിൽ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടെ രാജി തുടരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെക്കണമെന്നായിരുന്നു പാർട്ടിയിൽനിന്നുയർന്ന ആവശ്യം. ഇതിന് സ്റ്റാർമർ വഴങ്ങാതിരുന്നതോടെയാണ് മന്ത്രിമാർ രാജിവെച്ച് പ്രതിഷേധിച്ചത്. ഇതിനകം നാല് മന്ത്രിമാർ രാജിവെച്ചു. സ്റ്റാർമറുടെ വലംകൈയായി അറിയപ്പെടുന്ന ഹോം ഓഫിസ് മിനിസ്റ്റർ ജെസ് ഫിലിപ്പ്, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക മന്ത്രാലയത്തിന്റെ ചുമതലയുള്ള അലക്സ് ഡേവിസ് ജോൺസ്, കമ്യൂണിറ്റി മിനിസ്റ്റർ മിയാത്ത ഫാഹ്ന്ബുല്ലേഹ് എന്നിവരാണ് കഴിഞ്ഞദിവസം രാജിവെച്ചത്. ബുധനാഴ്ച, ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള സുബിർ അഹമ്മദ് എന്ന ജൂനിയർ മിനിസ്റ്ററും രാജിവെച്ചു. നൂറിലധികം ലേബർ പാർട്ടി എം.പിമാരും സ്റ്റാർമർ പിടിയിറങ്ങണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. ഇതിനിടെ, പാർട്ടിയിൽ സ്റ്റാർമറുടെ എതിരാളിയും ഹെൽത്ത് സെക്രട്ടറിയുമായ വെസ് സ്ട്രീറ്റിങ്ങും രാജിഭീഷണി മുഴക്കിയിരിക്കുകയാണ്. സ്റ്റാർമർ രാജിവെച്ചാൽ പകരക്കാരനായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് സ്ട്രീറ്റിങ്ങിനെയാണ്. വ്യാഴാഴ്ച അദ്ദേഹത്തിന്റെ രാജിയുണ്ടാകുമെന്നാണ് സ്ട്രീറ്റിങ്ങുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ലേബർ പാർട്ടിയിലും സർക്കാറിലും തലമാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്.
