ലണ്ടൻ: ബ്രിട്ടനിലെ മുതിർന്നവർക്കിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടുള്ള താൽപ്പര്യം കുറയുന്നതായി റിപ്പോർട്ട്. അമിതമായ സ്ക്രീൻ ടൈമും തുടർച്ചയായ സ്ക്രോളിങും മാനസികാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിൽ ഉപഭോക്താക്കൾ വലിയ ജാഗ്രത പുലർത്തുന്നതായി ബ്രിട്ടീഷ് മാധ്യമ നിയന്ത്രണ ഏജൻസിയായ 'ഓഫ്കോം' നടത്തിയ സർവേ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നവരുടെയും കമന്റ് ചെയ്യുന്നവരുടെയും എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024ൽ 61 ശതമാനമായിരുന്ന ഇത്തരം ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷം 49 ശതമാനമായി കുറഞ്ഞു. ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഗുണങ്ങൾ ദോഷങ്ങളേക്കാൾ കൂടുതലാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. ഇതേ കാലയളവിൽ 72 ശതമാനത്തിൽ നിന്ന് 59 ശതമാനമായാണ് ഈ വിഭാഗം കുറഞ്ഞത്. അതേസമയം, എ.ഐ സാങ്കേതിക വിദ്യകളുടെ ഉപയോഗം മുതിർന്നവർക്കിടയിൽ വേഗത്തിൽ വർധിക്കുന്നതായും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലൂടെ അധിക വരുമാനം ലക്ഷ്യമിടുന്നവരുടെ എണ്ണം കൂടുന്നതായും ഗവേഷണം ചൂണ്ടിക്കാട്ടുന്നു. യുവാക്കളുടെ മാനസികാരോഗ്യം തകർക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ബോധപൂർവം രൂപകൽപ്പന ചെയ്തതാണെന്ന യു.എസ് കോടതി വിധിക്ക് പിന്നാലെയാണ് ഓഫ്കോമിന്റെ ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ഡിജിറ്റൽ ഭീമന്മാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി ഈ പഠന റിപ്പോർട്ട് വിലയിരുത്തപ്പെടുന്നു.

ബ്രിട്ടനിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം കുറയുന്നു; ഉപയോഗത്തിൽ വൻ ഇടിവെന്ന് സർവേ റിപ്പോർട്ട്
M
MadhyamamSource Link
about 1 month ago