കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽനിന്ന് ജീവനൊടുക്കിയ മകൻ നിതിൻ രാജിന് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് പിതാവ് രാജൻ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാവാൻ പാടില്ല. കേസുമായി ബന്ധപ്പെട്ട് പ്രധാന ആരോപണ വിധേയരായ റാമിനെയും സംഗീതയെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം. പൊലീസ് അന്വേഷണം ആദ്യ ഘട്ടത്തിൽ തൃപ്തികരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും, പ്രതികളെ ഇനിയും പിടികൂടാത്തതിൽ കുടുംബത്തിന് കടുത്ത ആശങ്കയുണ്ട്. അമ്മയുടെ ചികിത്സാർഥമാണ് നിതിൻ ലോൺ ആപ്പിൽനിന്ന് പണം എടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോൾ അത് അടക്കാൻ കുടുംബം ബാധ്യസ്ഥരായിരുന്നു. എന്നാൽ ഇക്കാര്യം കോളജ് അധികൃതർ കുടുംബത്തെ വിളിച്ചറിയിച്ചില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി സംസാരിക്കുന്നതിന് പകരം നിതിനെ അവർ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ നിതിനെ അധ്യാപകർ കൂട്ടം ചേർന്ന് വിചാരണ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. 21 വയസുകാരനോട് ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് അവിടെ നടന്നത്. അതിനാൽ ഈ കേസിൽ കോളജ് പ്രിൻസിപ്പലിനെയും നിർബന്ധമായും പ്രതി ചേർക്കണം. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ സഹായിക്കുന്നതിന് പകരം വിചാരണ ചെയ്യുകയാണ് ഉണ്ടായത്. അധ്യാപകർക്ക് 2000 രൂപ വീതം നൽകി ആ പ്രശ്‌നം പരിഹരിക്കാമായിരുന്നല്ലോ എന്നും ആ തുക താൻ തിരികെ നൽകുമായിരുന്നല്ലോ എന്നും പിതാവ് ചോദിച്ചു.

മകന് നീതി കിട്ടണം, ക്യാമ്പസുകളിൽ ഇനിയൊരു നിതിനോ രോഹിത് വെമുലയോ സിദ്ധാർഥനോ ഉണ്ടാകരുത്-നിതിൻ രാജിന്റെ പിതാവ്
M
MadhyamamSource Link
20 days ago