മഞ്ചേരി: മങ്കടയിൽ ഇടിമിന്നലേറ്റ് സുഹൃത്തുക്കളായ നാലുപേരും പൂക്കോട്ടൂരിൽ തോട്ടിൽ വീണ് രണ്ട് കുട്ടികളും മരിച്ച സംഭവങ്ങളിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ജയശ്രീ വാര്യർ ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സ സഹായവും ലഭ്യമാക്കുന്നതിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. കമീഷണർ റിപ്പോർട്ട് സർക്കാറിലേക്ക് കൈമാറും. തുടർനടപടികൾ സർക്കാറാണ് സ്വകരിക്കേണ്ടെതെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. മങ്കട കുരങ്ങൻചോലയിൽ വ്യൂ പോയിന്റിലാണ് ചൊവ്വാഴ്ച വൈകീട്ട് ഇടിമിന്നലേറ്റ് സുഹൃത്തുക്കളായ നാലുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തുക്കളായ റഹീസ് (18), ബഹാസ് (18), സിയാദ് (16), ഫഹദ് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പൂക്കോട്ടൂരിൽ തോട്ടിൽ മുങ്ങി മേൽമുറി ചേർതൊടി അഫ്സലിന്റെ മകൻ ആദിൽ ഹിറാഷ് (ആറ്), കിഴിശ്ശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ഫൗസാൻ (നാല്) എന്നിവരാണ് മരിച്ചത്. വിശദമായ റിപ്പോർട്ടാണ് തയാറാക്കി അയച്ചതെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. ആറുപേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ റവന്യൂ-പൊലീസ് സംഘമെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഏറനാട് തഹസിൽദാർ ആർ.എസ്. ഫൈസൽ, പെരിന്തൽമണ്ണ തഹസിൽദാർ എം.കെ. കിഷോർ, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ എം. അബ്ദുൽ അസീസ്, കലക്ടറേറ്റ് ഡെപ്യൂട്ടി തഹസിൽദാർ റഫീഖ്, മങ്കട വില്ലേജ് ഓഫിസർ രാജീവ്, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മനോജ്, എസ്.ഐ അഖിൽരാജ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
