തിരുവനന്തപുരം: വാഹനാപകടത്തിൽ മലയാളികൾ മരിച്ച സംഭവത്തിൽ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും വി. ശിവൻകുട്ടിയും തമിഴ്നാട്ടിലേക്ക്. സംഭവ സ്ഥലത്തെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തി അധികൃതരുമായി സംസാരിച്ചു. തിരുവനന്തപുരത്തുള്ള വി. ശിവൻകുട്ടി പൊള്ളാച്ചിയിലേക്ക് ഉടൻ യാത്ര തിരിക്കും. മലപ്പുറം പെരിന്തൽമണ്ണ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും മെഡിക്കൽ സംഘവും പൊള്ളാച്ചിയിലേക്ക് പോകും. അവർ അവിടെ എത്തിയാൽ മാത്രമാണ് പൊതുദർശനം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ. മലപ്പുറം പാങ്ങിൽ നിന്നുള്ള പഞ്ചായത്ത് ജനപ്രതിനിധികളടക്കമുള്ളവരും പൊള്ളാച്ചിക്ക് തിരിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. പരിക്കേറ്റയാൾ നിരീക്ഷണത്തിലാണെന്നും ഇയാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എസ്.പി പറഞ്ഞു. അപകടത്തിൽ ഒമ്പത് പേർ മരിച്ചതായാണ് സ്ഥിരീകരിച്ചത്. അപകടസമയത്ത് വാഹനത്തിൽ ആകെ 13 പേർ ഉണ്ടായിരുന്നു. തമിഴ്‌നാട് പൊലീസും മറ്റു വകുപ്പുകളും ചേർന്ന് വേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്. അധികൃതർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മലപ്പുറം എസ്.പിയുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന, വനംവകുപ്പ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും ആശുപത്രി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കോയമ്പത്തൂർ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു. അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വാർത്ത ഏറെ ദുഃഖകരമാണെന്നും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്നുതന്നെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റയാളെ മന്ത്രി സന്ദർശിച്ചു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി കുട്ടികൃഷ്ണൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും വി. ശിവൻകുട്ടിയും പൊള്ളാച്ചിയിലേക്ക്: പെരുന്തൽമണ്ണ സബ് കലക്ടറും റവന്യൂ, മെഡിക്കൽ സംഘവും സംഭവ സ്ഥലത്തേക്ക്
M
MadhyamamSource Link
23 days ago