പാലക്കാട്: മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രൻ (60) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീടിന് പുറത്ത് മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന ചന്ദ്രനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മലമ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു ചന്ദ്രൻ. വേനൽചൂട് കഠിനമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹം രാത്രിയിൽ വീടിന് പുറത്ത് കട്ടിലിട്ടാണ് കിടന്നുറങ്ങാറുള്ളത്. ചന്ദ്രനൊപ്പം മറ്റ് രണ്ടുപേർ കൂടി മുറ്റത്തുണ്ടായിരുന്നുവെങ്കിലും ആനയെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഉറക്കത്തിലായിരുന്ന ചന്ദ്രന് രക്ഷപ്പെടാനായില്ല. സംഭവസ്ഥലത്തുവെച്ച് തന്നെ ചന്ദ്രൻ മരണപ്പെട്ടു. നിലവിൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അകമലവാരം മേഖലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാന ശല്യം അതിരൂക്ഷമാണ്. ജനവാസ മേഖലയിലേക്ക് ആനകൾ നിരന്തരമായി ഇറങ്ങുന്നത് വലിയ ഭീതിയാണ് പ്രദേശവാസികൾക്കിടയിൽ ഉണ്ടാക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.
