ലോക ഫുട്ബാൾ പോരാട്ടത്തിന് ഒരു മാസത്തിൽ താഴെ മാത്രം സമയം ശേഷിക്കെ കളിക്കാരുടെ ശാരീരികക്ഷമതയുടെ കാര്യത്തിൽ ആശങ്കാകുലരാണ് മിക്ക ടീമുകളും. വിവിധ ലീഗുകളിൽ മത്സരങ്ങൾ ഇനിയും അവാനിച്ചിട്ടില്ലെന്നിരിക്കെ, ചുരുങ്ങിയ സമയത്തിനുള്ളിൽ കടന്നുവരുന്ന ലോകകപ്പിൽ താരങ്ങളെ പൂർണ ഫിറ്റ്നസോടെ ലഭിക്കുമോ എന്ന കാര്യത്തിൽ ദേശീയ ടീമുകളുടെ പരിശീലകർക്ക് ആശങ്കയുണ്ട്. നിരവധി താരങ്ങൾ പരിക്കുമൂലം ലോകകപ്പിനുണ്ടാവില്ലെന്ന് ഇപ്പോൾ തന്നെ ഉറപ്പായിക്കഴിഞ്ഞു. അഞ്ചുവട്ടം ലോകചാമ്പ്യന്മാരായ ബ്രസീലിനാണ് കൂടുതൽ പരിക്ക്. മൂന്ന് പ്രധാന താരങ്ങളാണ് കാർലോ ആഞ്ചലോട്ടിയുടെ സംഘത്തിൽ പരിക്കുമൂലം പുറത്തായിരിക്കുന്നത്. ഡിഫൻഡർ എഡർ മിലറ്റാവോ, വിങ്ങർമാരായ റോഡ്രിഗോ, എസ്റ്റീവോ എന്നിവർ. ജർമനിക്ക് സ്ട്രൈക്കർ സെർജ് ഗിനബ്രിയെയും നെതർലൻഡ്സിന് മിഡ്ഫീൽഡർ സാവി സിമ്മൺസിനെയും ഫ്രാൻസിന് ഫോർവേഡ് ഹ്യൂഗോ എകിറ്റികെയെയും ഇംഗ്ലണ്ടിന് ഡിഫൻഡർ ബെൻ വൈറ്റിനെയും നഷ്ടമായിക്കഴിഞ്ഞു. ഇതുകൂടാതെ അങ്ങോട്ടുമിങ്ങോട്ടുമായി നിൽക്കുന്ന ചില താരങ്ങളുണ്ട്. പരിക്കുമാറി ലോകകപ്പ് കളിക്കാനാവുമോ എന്നുറപ്പില്ലാത്തവർ. ക്രൊയേഷ്യയുടെ ലൂക മോഡ്രിച്ചും യോസ്കോ ഗ്വാർഡിയോളും, അർജന്റീനയുടെ ക്രിസ്റ്റ്യൻ റൊമേറോ, ജർമനിയുടെ മവർക് ആന്ദ്രെ ടെർ സ്റ്റീഗൻ, തുർക്കിയയുടെ ആർദ ഗുലെർ, സ്പെയിനിന്റെ മൈക്കൽ മെറീനോ, കാനഡയുടെ അൽഫോൺസോ ഡേവിസ്, മൊറോക്കോയുടെ അഷ്റഫ് ഹകീമി, അമേരിക്കയുടെ ജോണി കാർഡോസോ, ജപ്പാൻ താരങ്ങളായ വറ്റാരു എൻഡോ, തകൂമി മിനാമിനോ, ഇംഗ്ലണ്ടിന്റെ റീസ് ജെയിംസും ടിനോ ലിവ്റമെന്റോയും, ഘാനയുടെ മുഹമ്മദ് കുദുസ്, നെതർലൻഡ്സിന്റെ ജൂറിയൻ ടിംബർ തുടങ്ങിയവരൊക്കെ ഈ ഗണത്തിലാണ്. ബ്രസീലിന്റെ മിസ്സിങ് ത്രയം ബ്രസീലിനാണ് പരിക്ക് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത്. ആദ്യ ഇലവനിൽ ഏറക്കുറെ സ്ഥാനം ഉറപ്പായ മൂന്ന് താരങ്ങളാണ് പരിക്കുമൂലം ലോകകപ്പിനില്ലാത്തത്. ഇതിൽ തന്നെ സ്റ്റോപ്പർബാക്ക് എഡർ മിലിറ്റാവോയുടെയും വിങ്ങർ റോഡ്രിഗോയുടെയും അഭാവമാവും മഞ്ഞക്കിളികൾക്ക് ഏറെ നഷ്ടമുണ്ടാക്കുക. കുറച്ചുകാലമായി നിരന്തരമായി പരിക്കിന്റെ പിടിയിലാവുന്ന റയൽ ഡിഫൻഡർക്ക് ഇത്തവണ തുടയിലെ പേശികൾക്കുണ്ടായ പൊട്ടലാണ് തിരിച്ചടിയായത്. കഴിഞ്ഞ സീസണിൽ ഏറക്കുറെ പുറത്തായിരുന്ന താരം ഈ സീസണിനിടക്ക് പരിക്കുമാറി കളിച്ചുതുടങ്ങിയതിന് പിന്നാലെയാണ് വീണ്ടും പരിക്കെത്തിയത്. ലിവർപൂളിന്റെ ഹ്യൂഗോ എകിറ്റികെ പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് വീണപ്പോൾ മാർച്ചിൽ റയലിനായി കളിക്കുമ്പോഴാണ് റോഡ്രിഗോക്ക് പരിക്കേറ്റത്. എ.സി.എൽ പൊട്ടിയ താരത്തിന് മെനിസ്കസിനും പരിക്കുണ്ട്. യോഗ്യതാ റൗണ്ടിൽ മൂന്ന് ഗോളുമായി നന്നായി കളിക്കുന്നതിനിടെയായിരുന്നു പരിക്ക്. റോഡ്രിഗോയുടെ അതേ പൊസിഷനിൽ കളിക്കുന്ന ചെൽസിയുടെ എസ്റ്റീവോക്കുകൂടി പരിക്കേറ്റതോടെ ബ്രസീലിന്റെ നെഞ്ചിടിപ്പേറിയിരിക്കുകയാണ്. ഏപ്രിലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ കളിയിൽ തുടയിലെ പേശികൾക്കുണ്ടായ പൊട്ടലാണ് എസ്റ്റീവോക്ക് വിനയായത്. ഇതിനിടയിലും സൂപ്പർ താരം നെയ്മർ പരിക്കുമാറി കളിച്ചുതുടങ്ങിയതാണ് ആഞ്ചലോട്ടിക്ക് ആശ്വാസമാവുന്നത്. നെയ്മറിനെ ബ്രസീൽ, ലോകകപ്പിനുള്ള പ്രാഥമിക സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. റൂട്ടനെ മാറ്റി ക്യുറസാവോ; അഡ്വക്കാറ്റ് വീണ്ടുമെത്തും വില്ലെംസ്റ്റഡ് (ക്യുറസാവോ): ലോകകപ്പിൽ അരങ്ങേറാനെത്തുന്ന ക്യുറസാവോക്ക് പരിശീലകസ്ഥാനത്ത് തലമാറ്റം. തങ്ങൾക്ക് ആദ്യമായി ലോകകപ്പ് യോഗ്യത നേടിത്തന്ന ഡെച്ചുകാരൻ ഡിക് അഡ്വക്കാറ്റിനെ മൂന്ന് മാസത്തെ ഇടവേളക്കുശേഷം പരിശീലക സ്ഥാനത്ത് തിരിച്ചെത്തിച്ചിരിക്കുകയാണ് ക്യുറസാവോ. ടീമിന്റെ ലോകകപ്പ് യോഗ്യതക്കു പിന്നാലെ മകളുടെ അസുഖം കാരണം പരിശീലകപ്പദവി വിട്ടൊഴിഞ്ഞ അഡ്വക്കാറ്റിന് പകരം നെതർലൻഡ്സുകാരൻ തന്നെയായ ഫ്രെഡ് റുട്ടനാണ് കോച്ചായി എത്തിയത്. എന്നാൽ, പതിയ കോച്ചിന് കീഴിൽ കളിച്ച രണ്ട് സന്നാഹ മത്സരങ്ങളിൽ ആസ്ട്രേലിയയോടും ചൈനയോടും ക്യുറസാവോ തോറ്റിരുന്നു. കളിക്കാർക്കിടയിൽ അത്ര ജനകീയനുമല്ലാത്ത റൂട്ടൻ സ്ഥാനമൊഴിയുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ക്യുറസാവോ സോക്കർ ഫെഡറേഷൻ അഡ്വക്കാറ്റിന്റെ നിയമനം സ്ഥിരീകരിച്ചത്. 78കാരനായ അഡ്വക്കാറ്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പരിശീലകനാവും. 2010 ലോകകപ്പിൽ ഗ്രീസിന്റെ കോച്ചായിരുന്ന 71കാരൻ ഓട്ടോ റാഹഗേലിന്റെ പേരിലാണ് നിലവിൽ റെക്കോഡ്. അഡ്വക്കാറ്റിന്റെ മൂന്നാമത്തെ ലോകകപ്പാവുമിത്. 1994ൽ നെതർലൻഡ്സിനെയും 2006ൽ ദക്ഷിണ കൊറിയയെയും അഡ്വക്കാറ്റാണ് ലോകകപ്പിനൊരുക്കിയത്.
