മുള്ളൻകൊല്ലി: ഗ്രാമപഞ്ചായത്തിലെ ശശിമലയിൽ പശുക്കൾ ചത്തതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചണ്ണോത്ത് കൊല്ലി, സീതാമൗണ്ട് ക്ഷീര സംഘങ്ങളുടെ പരിധിയിൽ വെറ്ററിനറി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. വയനാട് ജില്ല ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും മൊബൈൽ ഫാം എയ്ഡഡ് യൂനിറ്റിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. പത്തോളം ക്ഷീരകർഷകരുടെ ഭവനങ്ങൾ സന്ദർശിക്കുകയും പരിശോധനക്ക് കൂടുതൽ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഉചിതമായ ചികിത്സ ലഭിക്കാതെ പശു ചത്ത പുൽപള്ളി ആലൂർ കുന്നിലെ ബാബുരാജിന്റെ ഫാമിലും സംഘം സന്ദർശനം നടത്തി. രോഗബാധ സംശയിക്കുന്ന പശുക്കളുടെയും കന്നുകുട്ടികളുടെയും രക്തസാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. ക്യാമ്പ് പ്രവർത്തനങ്ങൾക്ക് മൊബൈൽ ഫാം എയ്ഡ് യൂനിറ്റിലെ ഡോ. ജസിൽ ജോസഫ്, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിലെ ഡോ. നീതു ദിവാകർ, ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ഡോ. എം. കൃഷ്ണാനന്ദ്, അസി. ഫീൽഡ് ഓഫിസർമാരായ കെ. സുനിത, വി. നിത്യ, ജീവനക്കാരായ സി. സുഭാഷ്, എം. മോഹനൻ നേതൃത്വം നൽകി.
