മങ്കട: കളിക്കൂട്ടുകാരെ പോലെയായിരുന്നു ഫഹദും സഹോദരൻ റോഷനും. യാത്രകളിലും ഫുട്ബാൾ കളിയിലുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു ഉണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും ഒരുമിച്ച് കൂടിയാലോചിച്ചാണ് തീരുമാനിച്ചിരുന്നത്. പതിവുപോലെ ചൊവ്വാഴ്ച കുരങ്ങൻചോല വ്യു പോയന്റിലേക്ക് കാഴ്ചകൾ കാണാൻ പോയതും ഇരുവരും ഒരുമിച്ച്. വേനൽമഴക്കൊപ്പം ഇടിത്തീയായി വന്ന മിന്നൽ, ഫഹദിന്റെ ജീവൻ കവർന്നെടുത്തപ്പോൾ ഇളയവനായ റോഷൻ പരിക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളത്ത് മൊബൈൽ ടെക്നീഷ്യനായ ഫഹദ് വിദേശത്ത് ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു. അനുജൻ 19കാരനായ റോഷൻ ഇന്റീരിയർ ഡിസൈനിങ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. നഴ്സായ മലയിൽ പുന്നക്കൽ ഖദീജ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തി വലുതാക്കിയത്. കുട്ടികൾ പഠിച്ച് ജോലി സാമ്പാദിച്ചുവരുമ്പോഴാണ് ഈ കുടുംബത്തിന്റെ മേൽ ദുരന്തം ഇടിത്തീയായി വന്നത്. സ്വന്തമായി അടച്ചുറപ്പുള്ള വീട് ഈ കുടുംബത്തിനില്ല. മലയിലെ ഇവരുടെ വീട് കാലപ്പഴക്കമുള്ളതാണ്. അതിനാൽ അമ്മാവന്റെ വീട്ടിലേക്കാണ് ഫഹദിന്റെ മൃതദേഹം കൊണ്ടുവന്നത്. പൊള്ളലേറ്റ മുറിവുകളുള്ള റോഷൻ ആശുപത്രിയിൽനിന്ന് താൽക്കാലികമായി ഡിസ്ചാർജ് വാങ്ങിയാണ് സഹോദരൻ ഫഹദിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. വെള്ളിലയിലെ ഹാളിൽ, ഫഹദിന്റെ വെള്ളപുതച്ച ദേഹം കണ്ട് റോഷൻ ഒരുനിമിഷം തരിച്ചുനിന്നു. സങ്കടം സഹിക്കവയ്യാതെ റോഷന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു.
