ലെബനീസ് പത്രപ്രവർത്തക ഉൾപ്പെടെ അഞ്ചുപേരെ വധിച്ച് ഇസ്രായേൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചും ക്രൂരത

ലെബനീസ് പത്രപ്രവർത്തക ഉൾപ്പെടെ അഞ്ചുപേരെ വധിച്ച് ഇസ്രായേൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചും ക്രൂരത

ബെയ്റൂത്ത്: വെടിനിർത്തൽ പ്രാബല്യത്തിലുണ്ടായിട്ടും, തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഒരു പത്രപ്രവർത്തക ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. അൽ-അഖ്ബാർ പത്രത്തിന്‍റെ ലേഖികയായിരുന്ന അമൽ ഖലീലാണ് (43) കൊല്ലപ്പെട്ടതെന്ന് ലബനീസ് സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ (N.N.A) റിപ്പോർട്ട് ചെയ്തു. അവർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർക്ക് ഗുരുതര പരിക്കേറ്റു. ഇസ്രായേൽ നടപടി ദുർബലമായ വെടിനിർത്തൽ കരാറിന്‍റെ ഭാവി അനിശ്ചിതത്വത്തിലാക്കി. തങ്ങളുടെ ആക്രമണത്തിൽ രണ്ടു പത്രപ്രവർത്തകർക്ക് പരിക്കേറ്റെന്ന വിവരം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 16ന് പ്രഖ്യാപിച്ച 10 ദിവസത്തെ ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. തെക്കൻ ലെബനാനിലെ അത്-തിരി (at-Tiri) ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കാറിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അമൽ ഖലീലിനെയും ഫ്രീൻലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിനെയും ഇസ്രായേൽ ആക്രമിക്കുന്നത്. استشهدت مراسلة الأخبار في جنوب لبنان الزميلة آمال خليل بعد ملاحقة طائرات جيش العدو لها، واستهدافها بعدد من الغارات التي أصابت سيارتها أولاً، ثم البيت الذي لجأت إليه، في استهداف واضح للصحافة والصحافيين في لبنان. pic.twitter.com/NKnb0jvaAe — جريدة الأخبار - Al-Akhbar (@AlakhbarNews) April 22, 2026 ആക്രമണം തുടർന്നതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അമലിനുവേണ്ടിയുള്ള രക്ഷാപ്രവർത്തനം വൈകി. സൈനബ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെയും മാധ്യമപ്രവർത്തകരെയും രക്ഷിക്കാൻ എത്തിയ ആംബുലൻസുകളെയും ഇസ്രായേൽ തടഞ്ഞു. യോഹ്‌മോർ അൽ-ഷാഖിഫ് എന്ന പട്ടണത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും മാധ്യമപ്രവർത്തകരുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും ലബനാൻ വാർത്തവിനിമയ മന്ത്രി പോൾ മോർക്കോസ് പ്രതികരിച്ചു. ഇസ്രായേൽ സൈന്യം ആരോപണങ്ങൾ നിഷേധിച്ചു. തങ്ങൾ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കാറില്ലെന്നും ഹിസ്ബുല്ല ഉപയോഗിക്കുന്ന സൈനിക കേന്ദ്രങ്ങളിൽനിന്ന് പുറപ്പെട്ട വാഹനങ്ങളെയാണ് ആക്രമിച്ചതെന്നുമാണ് ഇസ്രായേലിന്റെ വാദം. കഴിഞ്ഞ മാസവും ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ലെബനാനിൽ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,400ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതിർത്തിയിലെ വലിയൊരു ഭൂപ്രദേശം ഇസ്രായേൽ സൈന്യം പിടിച്ചെടുക്കുകയും അവിടെ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാഷിങ്ണിൽ ലെബനാൻ-ഇസ്രായേൽ പ്രതിനിധികൾ തമ്മിൽ നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ആക്രമണം. 10 ദിവസത്തെ വെടിനിർത്തൽ കാലാവധി ഈ ഞായറാഴ്ച അവസാനിക്കാനിരിക്കെ, കരാർ നീട്ടണമെന്ന് ലെബനാൻ പ്രസിഡന്റ് ജോസഫ് ഔൺ ആവശ്യപ്പെട്ടു. കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും വെടിനിർത്തൽ നീട്ടാനാണ് ബെയ്റൂത്തിന്‍റെ ശ്രമം. അതേസമയം, പിടിച്ചെടുത്ത ലെബനാൻ ഗ്രാമങ്ങൾ തകർക്കുന്ന നടപടികൾ ഇസ്രായേൽ തുടരുന്നത് വെടിനിർത്തലിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലെബനീസ് പത്രപ്രവർത്തക ഉൾപ്പെടെ അഞ്ചുപേരെ വധിച്ച് ഇസ്രായേൽ,… | Boolokam