കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണി വമ്പൻ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇതുവരെ പരിഹാരം കാണാത്ത സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും തങ്ങൾ വ്യക്തമാക്കി. വിജയിച്ച 63 കോൺഗ്രസ് സ്ഥാനാർഥികളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണ്. അതിനാൽ തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈകമൻഡാണ്. മുഖ്യമന്ത്രി ആരായാലും സമസ്തയെ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തീരുമാനത്തെ കുറിച്ച് സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബുധനാഴ്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. നിലവിൽ ഹൈകമാൻഡ് ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. എ.ഐ.സി.സി അധ്യക്ഷൻറെ കൂടി അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ക്യാമ്പുകൾ ഒരുപോലെ ആകാംക്ഷയിലും ആശങ്കയിലുമാണ്.
