തിരുവനന്തപുരം: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈകമാൻഡ് നിർദേശം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ‘തികഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു. സഹർഷത്തോടെ സ്വീകരിക്കുന്നു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിരീക്ഷകർ ഉൾപ്പെടെയുള്ളവർ ഉടൻ തിരുവനന്തപുരത്ത് എത്തിച്ചേരും. അവരുടെ സൗകര്യാർഥം ഒരുമണിക്ക് നിശ്ചയിച്ച നിയമസഭ കക്ഷി യോഗം നാലുമണിയിലേക്ക് മാറ്റി. ദീപാദാസ് മുൻഷി അടക്കമുള്ളവർ പങ്കെടുക്കും’ -അദ്ദേഹം പറഞ്ഞു. നിയമസഭയിലെ അസംബ്ലി ഹാളിലാണ് യോഗം ചേരുക. കോൺഗ്രസിന്റെ 63എം.എൽ.എമാരും. ആ യോഗം ഐകകേണ്ഠ്യന മുഖ്യമന്ത്രിയായി സതീശനെ നാമനിർദേശം ചെയ്യും. വൈകുന്നേരത്തോടെ ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എപ്പോഴാണെന്ന് ഗവർണറുമായി കൂടിച്ചേർന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
