തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് അതിരൂക്ഷ വിമർശനം. സംഘടനാതലത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അംഗങ്ങൾ വിമർശിച്ചു. വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി വിജയന്റെ സമീപനത്തിനെതിരെയും വിമർശനം ഉയർന്നു. വിദ്വേഷ പ്രസംഗം പലതവണ ആവർത്തിച്ച വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും അകറ്റി. ന്യൂനപക്ഷങ്ങൾ അകന്നത് കാണാൻ പാർട്ടിക്ക് കഴിഞ്ഞില്ല. കണ്ണൂരിലെ വിമത കലാപം ഗൗരവത്തോടെ കാണണം. അണികൾ മാത്രമല്ല, അംഗങ്ങളും പാർട്ടിയിൽനിന്ന് അകന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ വൻ വീഴ്ച സംഭവിച്ചു. തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വം ഒരിക്കലും പാടില്ലായിരുന്നു. ടി.ഐ മധുസൂദനനെതിരായ ആക്ഷേപവും ഗുരുതരമാണ്. പാർട്ടിയിൽ അടിമുടി തിരുത്ത് വേണം. അത് ചർച്ച ചെയ്യാൻ പ്ലീനം വിളിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള സംസ്ഥാന സമിതി യോഗം വ്യാഴാഴ്ചയും തുടരും.
