വ്യോമപാത വിലക്കണം; അമേരിക്കയുമായുള്ള സൈനിക ബന്ധം പുനപരിശോധിക്കണമെന്ന് ജപ്പാൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ്

വ്യോമപാത വിലക്കണം; അമേരിക്കയുമായുള്ള സൈനിക ബന്ധം പുനപരിശോധിക്കണമെന്ന് ജപ്പാൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ്

M
MadhyamamSource Link
ടോക്യോ: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, അമേരിക്കയുമായുള്ള സൈനിക ബന്ധം പുനപരിശോധിക്കണമെന്ന് ജപ്പാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായ കസുഓ ഷീ. അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് ജപ്പാന്‍റെ വ്യോമാതിർത്തി തുറന്നുകൊടുക്കരുതെന്നും ആവശ്യപ്പെട്ടു. 2024ൽ നേതൃസ്ഥാനത്തുനിന്ന് പിന്മാറിയശേഷം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ചെയർമാൻ പദവി വഹിക്കുകയാണ്. ഇറാനെതിരായ യുദ്ധത്തിൽ പങ്കെടുക്കുന്ന വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിക്കാനുള്ള ഓസ്ട്രിയയുടെ തീരുമാനത്തെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറപ്പിലൂടെയാണ് ഷീയുടെ പ്രതികരണം. ആഭ്യന്തര നിയമങ്ങൾ പോലും കാറ്റിൽപറത്തി പൂർണ സ്വാതന്ത്ര്യത്തോടെ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് താഴ്ന്നു പറക്കാനുള്ള അനുമതിയിൽ ജപ്പാൻ അടിയന്തരമായി പുനപരിശോധന നടത്തണമെന്ന് ഷീ ആവശ്യപ്പെട്ടു. ജപ്പാൻ കമ്യൂണിസ്റ്റ് പാർട്ടി ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും സജീവമായ പാർട്ടികളിലൊന്നാണ്. നിലവിൽ ജനപ്രതിനിധി സഭയിൽ നാല് സീറ്റുകൾ മാത്രമാണ് പാർട്ടിക്കുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി പ്രകാരം ഏകദേശം 50,000 അമേരിക്കൻ സൈനികരാണ് ജപ്പാനിലുള്ളത്. അമേരിക്കയുടെ ഏറ്റവും അടുത്ത ഏഷ്യൻ സഖ്യരാജ്യം കൂടിയാണ് ജപ്പാൻ. നേരത്തെ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഫ്രാൻസ് ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ വിമാനങ്ങൾക്ക് വ്യോമപാത വിലക്കിയിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ ഇറാനിൽ ആക്രമണം തുടരുന്നതിന് പിന്തുണ നൽകില്ലെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്. ഇറ്റലിയിൽ മാത്രം അമേരിക്കക്ക് ഏഴ് താവളങ്ങളുണ്ട്. ആയുധങ്ങളുമായി ഇസ്രായേലിലേക്ക് പുറപ്പെട്ട അമേരിക്കൻ യുദ്ധവിമാനങ്ങൾക്കാണ് ഫ്രാൻസ് വ്യോമപാത നിഷേധിച്ചത്. സംഭവത്തിനു പിന്നാലെ ഫ്രാൻസിന് ആയുധങ്ങൾ നൽകുന്നത് നിർത്തുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫ്രാൻസിൽനിന്ന് ഇസ്രായേലും തിരിച്ചും ആയുധങ്ങൾ ഇപ്പോഴും വ്യാപകമായി കൈമാറ്റം നടക്കുന്നുണ്ട്. ലബനാനിലെ ഇസ്രായേൽ സൈനിക നീക്കത്തെ പിന്തുണക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്പെയിനും യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചിരുന്നു. സ്പെയിനിലെ മോറോൺ, റോട്ട താവളങ്ങൾ ഇറാൻ യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രതിരോധ മന്ത്രി മാർഗരീറ്റ റോബ്ൾസ് അറിയിച്ചു. മുമ്പും സമാന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ സ്പെയിനിനു മേൽ സമ്പൂർണ വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യോമപാത വിലക്കണം; അമേരിക്കയുമായുള്ള സൈനിക ബന്ധം പുനപരിശോധി… | Boolokam